പ്രശസ്ത സരോദ് വിദ്വാന്‍ ആശിഷ് ഖാന്‍ അന്തരിച്ചു
ലോകപ്രശസ്ത സംഗീതജ്ഞരായ ജോര്‍ജ് ഹാരിസണ്‍ ,എറിക് ക്ലാപ്ടണ്‍, റിംഗോ സ്റ്റാര്‍ എന്നിവരുമായി പ്രവര്‍ത്തിച്ചിരുന്നു.
ന്യൂഡല്‍ഹി: പ്രശസ്ത സരോദ് വിദ്വാന്‍ ആശിഷ് ഖാന്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് യുഎസിലെ ലോസ് ഏയ്ഞ്ചല്‍സിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ലോകവേദികളില്‍ എത്തിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ആശിഷ് ഖാന്‍ ലോകപ്രശസ്ത സംഗീതജ്ഞരായ ജോര്‍ജ് ഹാരിസണ്‍ ,എറിക് ക്ലാപ്ടണ്‍, റിംഗോ സ്റ്റാര്‍ എന്നിവരുമായി പ്രവര്‍ത്തിച്ചിരുന്നു.
1939ല്‍ മധ്യപ്രദേശിലെ മൈഹാറിലെ ഒരു സംഗീത കുടുംബത്തിലായിരുന്നു ജനനം. വല്ലുപ്പ ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍, പിതാവ് ഉസ്താദ് അലി അക്ബര്‍ ഖാന്‍ എന്നിവര്‍ക്ക് കീഴിലായിരുന്നു സംഗീതപഠനം. 2006ല്‍ ഗോള്‍ഡന്‍ സ്ട്രിങ്‌സ് ഓഫ് ദ സരോദ് എന്ന ആല്‍ബത്തിന് അദ്ദേഹത്തിന് ഗ്രാമി പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം ലഭിച്ചിരുന്നു.
ആകാശവാണിയുടെ വാദ്യ വൃന്ദ സംഘത്തിന്റെ കമ്പോസറായിരുന്നു. ഗാന്ധി, എ പാസേജ് ടു ഇന്ത്യ തുടങ്ങിയ സിനിമകള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 1960കളില്‍ ഉസ്താദ് സക്കീര്‍ ഹുസൈനുമായി ചേര്‍ന്ന് അദ്ദേഹം 'ശാന്തി' എന്ന പേരില്‍ ഇന്‍ഡോജാസ് ബാന്‍ഡ് രൂപീകരിച്ചു. 2004ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.