ഇസ്രായേല്‍ വിമാനത്തെ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍നിന്ന് തടഞ്ഞ് തുണീസ്യയും അള്‍ജീരിയയും
യുഎസ് പ്രസിഡന്റിന്റെ ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്‌നറുടെ നേതൃത്വത്തിലുള്ള ഇസ്രായേല്‍അമേരിക്കന്‍ പ്രതിനിധി സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.
റബാത്ത്: മൊറോക്കന്‍ നഗരമായ റബാത്തിലേക്കുള്ള യാത്രക്ക് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍നിന്ന് ഇസ്രായേലി വിമാനത്തെ തുണീസ്യയും അള്‍ജീരിയയും തടഞ്ഞതായി റിപോര്‍ട്ട്. തുടര്‍ന്ന് നേരിട്ടുള്ള യാത്രാപഥം ഒഴിവാക്കി യൂറോപ്പിലൂടെ വളഞ്ഞ വഴിക്ക് മൊറോക്കോയിലേക്ക് പോവാന്‍ ഇസ്രായേലി വിമാനം നിര്‍ബന്ധിതരായെന്നും ഇരു രാജ്യങ്ങളിലെയും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റിന്റെ ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്‌നറുടെ നേതൃത്വത്തിലുള്ള ഇസ്രായേല്‍അമേരിക്കന്‍ പ്രതിനിധി സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.
തുണീസ്യയും അള്‍ജീരിയയും ഇസ്രായേല്‍ വിമാനത്തിനു മുന്നില്‍ തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ കൊട്ടിയടച്ചതോടെ ഇസ്രായേല്‍ വിമാനം മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ഒരു വടക്കന്‍ പാതയിലൂടെ ഗ്രീസിന്റേയും ഇറ്റലിയുടേയും സ്‌പെയിനിന്റേയും വ്യേമ പാതയിലൂടെ മൊറോക്കന്‍ തലസ്ഥാനത്ത് എത്താന്‍ നിര്‍ബന്ധിതരായെന്ന് തുണീസ്യയുടെ നെസ്മ ടിവി ചാനല്‍ വെളിപ്പെടുത്തി.
അതേസമയം, 'സയണിസ്റ്റ് വിമാനത്തിന്' അള്‍ജീരിയ അതിന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിച്ചെന്ന മുന്‍ റിപ്പോര്‍ട്ട് അള്‍ജീരിയയിലെ എന്‍നഹാര്‍ ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റ് തിരുത്തി.
തെല്‍അവീവിനും റബാത്തിനും ഇടയിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനം ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് ഒഴിവാക്കിയതായി മൊറോക്കോയിലെ അല്‍ സാഹിഫ വാര്‍ത്താ സൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, റിപോര്‍ട്ടുകളെക്കുറിച്ച് അള്‍ജീരിയയില്‍ നിന്നും തുണീസ്യയില്‍ നിന്നും ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.