മേയര്‍ പദവി മൂന്നിടത്തും 87ല്‍ 44 നഗരസഭാ അധ്യക്ഷ സ്ഥാനത്തും സ്ത്രീ സംവരണം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളിലെ മേയര്‍ പദവിയില്‍ സ്ത്രീ സംവരണം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളിലെ അധ്യക്ഷ പദവിയാണ് വനിതാ സംവരണമായത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവ പൊതുവിഭാഗത്തിലായിരുന്നു. നിലവില്‍ സ്ത്രീ സംവരണമായിരുന്ന തൃശൂര്‍, കൊച്ചി, കണ്ണൂര്‍ മേയര്‍ സ്ഥാനങ്ങള്‍ ഇതോടെ ജനറല്‍ വിഭാഗത്തിലായി. ബത്തേരിയുടെ അധ്യക്ഷ പദവി പട്ടികവര്‍ഗത്തിനാണ്. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങള്‍ സംവരണം ചെയ്തു കൊണ്ടുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഏഴ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും സ്ത്രീകള്‍ക്കാണ്. ഒരെണ്ണം പട്ടികജാതി സംവരണമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണത്തില്‍ ഉള്‍പ്പെടുന്നു. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കാണ്. മറ്റു ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷസ്ഥാനം പൊതുവിഭാഗത്തിനാണ്.
ആകെയുള്ള 87 നഗരസഭാ അധ്യക്ഷ സ്ഥാനങ്ങളില്‍ 44 എണ്ണം വനിതകള്‍ക്കാവും. നെടുമങ്ങാട്, കളമശ്ശേരി, കൊടുങ്ങല്ലൂര്‍ നഗരസഭകളില്‍ പട്ടികജാതി സ്ത്രീകള്‍ അധ്യക്ഷ സ്ഥാനത്തെത്തും. ആറെണ്ണം പട്ടികജാതിയും ഒരെണ്ണം പട്ടികവര്‍ഗ സംവരണവുമാണ്. പൊന്നാനി, പെരിന്തല്‍മണ്ണ, മുക്കം നഗരസഭകളിലെ അധ്യക്ഷസ്ഥാനങ്ങള്‍ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. 914 പഞ്ചായത്തുകളില്‍ 417 ലും വനിതകളായിരിക്കും അധ്യക്ഷ സ്ഥാനത്തുണ്ടാവുക. 46 പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ പട്ടികജാതി സംവരണവും എട്ടെണ്ണം വീതം പട്ടികവര്‍ഗ സ്ത്രീ, പട്ടികവര്‍ഗ സംവരണവുമാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67ല്‍ അധ്യക്ഷ വനികളാണ്.
Reservation of women in three mayoral posts