നാട്ടില്‍നിന്നു മടങ്ങിയെത്തിയത് മരണത്തിലേക്ക്; മലയാളി കുടുംബത്തെ ദുരന്തം വിഴുങ്ങിയത് ഉറക്കത്തിനിടെ

Update: 2024-07-20 01:21 GMT

അബ്ബാസിയ്യ: നാട്ടില്‍നിന്ന് അവധി കഴിഞ്ഞെത്തി മണിക്കൂറുകള്‍ക്കകം മലയാളി കുടുംബം മടങ്ങിയത് മരണത്തിലേക്ക്. കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിലാണ് പത്തനംതിട്ട സ്വദേശികളായ നാലംഗ കുടുംബം ദാരുണമായി മരണപ്പെട്ടത്. പത്തനംതിട്ട തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍(38), ഭാര്യ ലിനി എബ്രഹാം(35), മകള്‍ ഐറിന്‍(13), മകന്‍ ഐസക്(7) എന്നിവരാണ് മരണപ്പെട്ടത്. അബ്ബാസിയയിലെ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇവര്‍ നാട്ടില്‍നിന്ന് വൈകീട്ട് അഞ്ചോടെയാണ് തിരിച്ചെത്തിയത്. യാത്ര കഴിഞ്ഞുള്ള ക്ഷീണം കാരണം എല്ലാവരും നേരത്തേ കിടന്നുറങ്ങിയതായിരുന്നു. ഇവര്‍ ഉറങ്ങി മണിക്കൂറുകള്‍ക്കകമാണ് ഫഌറ്റില്‍ തീപിടിത്തമുണ്ടായത്. യാത്രാ ക്ഷീണത്തിന്റെ ആലസ്യത്തില്‍ ഉറങ്ങിപ്പോയ ഇവര്‍ തീപിടിത്തമുണ്ടായ കാര്യം അറിഞ്ഞില്ല. തീപിടിച്ചതറിഞ്ഞ് കെട്ടിടത്തില്‍നിന്ന് എല്ലാവരെയും ഒഴിപ്പിച്ചെങ്കിലും ഇക്കാര്യമൊന്നുമറിയാതെ നാലംഗ കുടുംബം ഉറങ്ങുകയായിരുന്നു. പിന്നീട് അഗ്നിശമന സേനയെത്തി ഫ്‌ലാറ്റിന്റെ വാതില്‍ തല്ലിത്തകര്‍ത്താണ് നാലുപേരെയും പുറത്തെത്തിച്ചത്. അപ്പോഴേക്കും ശ്വാസം മുട്ടി നാലുപേരും മരണത്തിനു കീഴടങ്ങിയിരുന്നു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

    ഇക്കഴിഞ്ഞ ജൂണ്‍ 12ന് തെക്കന്‍ കുവൈത്തിലെ മംഗഫിലുണ്ടായ വന്‍ തീപിടിത്തത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് കുവൈത്തില്‍ മലയാളികള്‍ ഏറെ താമസിക്കുന്ന സ്ഥലത്ത് വീണ്ടും തീപിടിത്തമുണ്ടായത്. മംഗഫിലെ എന്‍ബിടിസി കമ്പനിയുടെ ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേരാണ് ദാരുണമായി മരണപ്പെട്ടത്. ഇതില്‍ 24 പേരും മലയാളികളായിരുന്നു.

Tags:    

Similar News