ഇന്ത്യ 'തകര്‍ത്ത' ജയ്ശ് മദ്രസകള്‍ അവിടെത്തന്നെയുണ്ടെന്ന് റോയിറ്റേഴ്‌സ്

ഉയര്‍ന്ന റസല്യൂഷനിലുള്ള ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

Update: 2019-03-06 07:51 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ 'തകര്‍ത്ത' വടക്ക് കിഴക്കന്‍ പാകിസ്താനില്‍ ജെയ്്‌ശെ മുഹമ്മദിന്റെ നിയന്ത്രണത്തിലുള്ള മദ്രസകളെല്ലാം കേടുപാടുകള്‍ കൂടാതെ ഇപ്പോഴും അവിടെതന്നെയുണ്ടെന്ന് റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന റസല്യൂഷനിലുള്ള ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനില്‍ ബാലാകോട്ടില്‍ സ്ഥിതി ചെയ്യുന്ന ജെയ്്‌ശെ മുഹമ്മദിന് കീഴിലുള്ള പരിശീലന ക്യാംപുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതായും നിരവധി പേരെ വധിച്ചതായും ഇന്ത്യ അവകാശപ്പെട്ടിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ ഓപ്പറേറ്റര്‍ ആയ പ്ലാനറ്റ് ലാബ് ഇങ്കാണ് ചിത്രങ്ങള്‍ എടുത്തത്. ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ആറ് ദിവസങ്ങള്‍ക്കിപ്പുറം മാര്‍ച്ച് നാലിന് എടുത്ത ചിത്രങ്ങളില്‍ മദ്രസയുണ്ടായിരുന്ന ഇടത്തെ ചുരുങ്ങിയത് ആറ് കെട്ടിടങ്ങളെങ്കിലും കാണാന്‍ സാധിക്കും.

ഇതേ സ്ഥാപനം 2018 ഏപ്രിലില്‍ എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല പുതിയ ചിത്രങ്ങളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെട്ടിടങ്ങളുടെ മുകളില്‍ പ്രത്യക്ഷത്തില്‍ യാതൊരു കേടുപാടുകളുമില്ല. മദ്രസ പരിസരത്ത് വ്യോമാക്രമണത്തില്‍ ചുവരുകള്‍ തകര്‍ന്നതിന്റെയോ മരങ്ങള്‍ മുറിഞ്ഞുവീണതിന്റെയോ അടയാളങ്ങളൊന്നുമില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. പുല്‍വായ്ക്ക് തിരിച്ചടിയായി തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെല്ലാം ആക്രമണം നടത്താന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെടുന്നതിനിടെയാണ് അതിനെയൊക്കെ സംശയമുനയില്‍ നിര്‍ത്തി ഈ ചിത്രങ്ങള്‍ പുറത്തുവരുന്നത്.

അതേസമയം, റോയിട്ടേഴ്‌സ് റിപോര്‍ട്ടിനോട് പ്രതികരിക്കാന്‍ ഇന്ത്യയുടെ വിദേശ, പ്രതിരോധ മന്ത്രിമാര്‍ തയ്യാറായിട്ടില്ലെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബാലാകോട്ട് മേഖലയില്‍ വ്യോമാക്രമണത്തില്‍ ക്യാമ്പ് തകര്‍ന്നതിനും ആളുകള്‍ കൊല്ലപ്പെട്ടതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പ്രദേശം സന്ദര്‍ശിച്ച റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞത്. പ്രദേശത്ത് വലിയ തോതിലുള്ള സ്‌ഫോടനമുണ്ടായിട്ടുണ്ട്. എന്നാല്‍ ബോംബ് മരങ്ങളില്‍ പതിച്ചതെന്നാണ് കരുതുന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

ജാബയിലെ മരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന മേഖലയില്‍ രൂപപ്പെട്ട നാലു ഗര്‍ത്തങ്ങളും കടപുഴകിയ ചില പൈന്‍മരങ്ങളും ഗ്രാമവാസികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടിത്തിരുന്നു. ഫെബ്രുവരി 26ന് പുലര്‍ച്ചെ മൂന്നുമണിക്കുണ്ടായ ആക്രമണത്തില്‍ മറ്റ് പ്രത്യാഘാതങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു.

Tags:    

Similar News