കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഇടുക്കി കട്ടപ്പന നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ ഷിജു അസീസാണ് പിടിയിലായത്.

Update: 2021-08-18 16:27 GMT

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കൈയ്യോടെ പിടികൂടി. ഇടുക്കി കട്ടപ്പന നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ ഷിജു അസീസാണ് പിടിയിലായത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന സ്വദേശിയില്‍ നിന്നും 13,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഷിജു അസീസിനെ പിടികൂടിയത്.

കഴിഞ്ഞ പന്ത്രണ്ടാം തീയതി വസ്തു കൈമാറ്റത്തിന് അപേക്ഷ നല്‍കിയിരുന്ന വ്യക്തിയുടെ സ്ഥലം ഇയാള്‍ നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഫയല്‍ നീക്കുന്നതിന് 60,000 രൂപയാകുമെന്നും തനിക്ക് 20,000 രൂപ നല്‍കിയാല്‍ നടപടികള്‍ വേഗത്തിലാക്കി നല്‍കാമെന്നും ഇയാള്‍ സ്ഥലമുടമയെ അറിയിച്ചു. പിന്നീട് ഇത്രയും പണം തങ്ങളുടെ കയ്യില്‍ ഇല്ലെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ വഴങ്ങിയില്ല.

ഇന്നലെ സ്ഥലമുടമ ഓഫിസിലെത്തി ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഒടുവില്‍ 13,000 നല്‍കാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞതോടെ സ്ഥലമുടമ ഇന്ന് പണം ഓഫിസിലെത്തിച്ച് നല്‍കുകയായിരുന്നു. പണം കൈമാറുന്നതിന് ഇടയിലാണ് ഇടുക്കി, കോട്ടയം വിജിലന്‍സ് സംഘങ്ങളെത്തി ഇയാളെ പിടികൂടിയത്. രണ്ടാഴ്ച്ച മുമ്പാണ് ഷിജു അസീസ്സ് കട്ടപ്പന റവന്യൂ ഇന്‍സ്‌പെക്ടറായി ചുമതലയേറ്റത്. ഇതിനോടകം നിരവധി ആളുകളില്‍ നിന്നും ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തിട്ടുള്ളതായും ആരോപണമുണ്ട്.

Tags:    

Similar News