ബസ്സിന് മുകളില്‍ ഇരുത്തി യാത്ര; പാലക്കാട് നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

എസ്ആര്‍ടി, കിങ്‌സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്.

Update: 2022-04-06 18:10 GMT

പാലക്കാട്: നെന്മാറ വേലയ്ക്ക് ബസ്സിനുമുകളിലിരുന്ന് യാത്രചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എസ്ആര്‍ടി, കിങ്‌സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നെന്മാറ വല്ലങ്കി വേലയുടെ വെടിക്കെട്ട് കഴിഞ്ഞ് മടങ്ങിപ്പോകുന്ന യാത്രക്കാരാണ് ബസ്സുകള്‍ക്ക് മുകളില്‍ കയറിയത്. ബസ്സിനുമുകളില്‍ കയറി യാത്രക്കാര്‍ക്ക് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

രണ്ട് ബസിന്റെ ഉടമകള്‍ക്കും നോട്ടിസ് അയക്കാനും ആര്‍ടിഒ തീരുമാനിച്ചിട്ടുണ്ട്. വേറെയും ബസ്സുകളുടെ സമാനമായ വീഡിയോകള്‍ ആര്‍ടിഒയ്ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടി ഉണ്ടാവും.

വലിയ ജനക്കൂട്ടമായിരുന്നു ഇത്തവണ നെന്മാറ വേല വെടിക്കെട്ട് കാണാനായി എത്തിയിരുന്നത്. എല്ലാ വര്‍ഷവും ആളുകള്‍ വെടിക്കെട്ട് കഴിഞ്ഞ് ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും ഇത്തവണ വീഡിയോ പ്രചരിച്ചതാണ് നടപടിയിലേക്ക് നയിച്ചത്.

Tags:    

Similar News