രണ്ടാം ഇടതുസർക്കാരിന് വലതുപക്ഷ വ്യതിയാനം; സിപിഐ വയനാട് സമ്മേളനത്തിൽ സർക്കാരിന് വിമർശനം
സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല. മാവോവാദി വേട്ടയുടെ പേരിലുള്ള വ്യാജ ഏറ്റുമുട്ടൽ കൊല, അലൻ താഹ വിഷയങ്ങളിൽ സർക്കാരിന് തെറ്റുപറ്റിയതായി പ്രതിനിധികൾ കുറ്റപ്പെടുത്തി.
കല്‍പ്പറ്റ: രണ്ടാം ഇടതു സർക്കാരിന് വലതുപക്ഷ വ്യതിയാനമെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികൾ രാഷ്ട്രീയ റിപോർട്ടിൻമേലുള്ള ചർച്ചയിൽ അഭിപ്രായപ്പെട്ടു.
സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല. മാവോവാദി വേട്ടയുടെ പേരിലുള്ള വ്യാജ ഏറ്റുമുട്ടൽ കൊല, അലൻ താഹ വിഷയങ്ങളിൽ സർക്കാരിന് തെറ്റുപറ്റിയതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷ വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്.
സിപിഐ മന്ത്രിമാർക്കെതിരേയും വിമർശനം ഉയര്‍ന്നു. മന്ത്രിമാർ ജില്ലയിലെത്തുമ്പോൾ നേതാക്കൾ അറിയുന്നില്ല. കൂടിയാലോചനകൾ ഇല്ലാതെ തീരുമാനമെടുക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. മുട്ടിൽ മരംകൊള്ള കേസുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവിനെ മുൻ നിർത്തിയായിരുന്നു റവന്യൂ വകുപ്പിനെതിരായ വിമർശനം.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് സാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. വയനാട് ജില്ലാ കമ്മിറ്റിയിൽ കെ ഇ ഇസ്മായിൽ പക്ഷത്തിനാണ് സ്വാധീനമെങ്കിലും അതിനെ മറികടക്കാൻ കാനം പക്ഷം മൽസരിക്കാൻ സാധ്യതയുണ്ടെന്നും റിപോർട്ടുകളുണ്ട്.