മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുമെന്ന് ആര്‍ജെഡി പ്രകടന പത്രിക

പ്രതിബദ്ധത പത്ര(പ്രതിജ്ഞാബദ്ധതാ രേഖ) എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക പാര്‍ട്ടി നേതാവ് തേജസ്വി യാദവ്, പാര്‍ട്ടി രാജ്യസഭാ അംഗം മനോജ് ഝാ, ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ രാം ചന്ദ്ര പൂര്‍വെ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

Update: 2019-04-08 10:50 GMT

പട്‌ന: അധികാരത്തിലേറിയാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ മുഴുവന്‍ ശുപാര്‍ശകളും നടപ്പാക്കുമെന്ന് രാഷ്ട്രീയ ജനതാ ദള്‍(ആര്‍ജെഡി) പ്രകടന പത്രിക. പ്രതിബദ്ധത പത്ര(പ്രതിജ്ഞാബദ്ധതാ രേഖ) എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക പാര്‍ട്ടി നേതാവ് തേജസ്വി യാദവ്, പാര്‍ട്ടി രാജ്യസഭാ അംഗം മനോജ് ഝാ, ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ രാം ചന്ദ്ര പൂര്‍വെ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക തങ്ങള്‍ അംഗീകരിക്കുന്നതായും തേജസ്വി യാദവ് പറഞ്ഞു. മേല്‍ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും പത്രിക സംവരണം വാഗ്ദാനം ചെയ്യുന്നു. ദലിതുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

സര്‍ക്കാര്‍ സര്‍വീസുകളിലെ സംവരണം സംബന്ധിച്ച് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ശ്രമം നടത്തും, സ്വകാര്യം മേഖലകളിലും സംവരണം കൊണ്ടുവരും, കള്ള് നികുതി രഹിതമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കള്ളിന്റെ നികുതി എടുത്തുകളഞ്ഞിരുന്നു. എന്നല്‍, 2016ല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മദ്യത്തിന്റെയും കള്ളിന്റെയും വില്‍പ്പന സംസ്ഥാന വ്യാപകമായി നിരോധിക്കുകയായിരുന്നു.

എല്ലാ പാത്രങ്ങളിലും ഭക്ഷണം, എല്ലാ കൈകളിലും പേന എന്നതാണ് ആര്‍ജെഡി പ്രകടന പത്രികയിലെ പ്രധാന മുദ്രാവാക്യം. ലോക്ജനശക്തി പാര്‍ട്ടിയും ഇന്ന് പട്‌നയില്‍ പ്രകടന പത്രിക പുറത്തിറക്കി. 

Tags:    

Similar News