റോഷി അഗസ്റ്റിന്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല: വി ഡി സതീശന്‍
മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയും ഓഫിസും ചേര്‍ന്നാണ് മരം മുറിക്കാനുള്ള തീരുമാനം എടുത്തതെങ്കില്‍ ഒരു നിമിഷം പോലും റോഷി അഗസ്റ്റിന്‍ മന്ത്രി സ്ഥാനത്ത് തുടരരുത്
തിരുവനന്തപുരം: ബേബി ഡാമിന് താഴെയുള്ള മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് അറിഞ്ഞില്ലെന്ന് പറയുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 'രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയമാണിത്.
അത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ്. മരം മുറിച്ച് മാറ്റാമെന്ന് മുല്ലപ്പെരിയാര്‍ ഏകോപന സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബേബി അണക്കെട്ട് പരിസരത്ത് കേരള-തമിഴ്‌നാട് സംയുക്ത പരിശോധന നടന്നത്. സെപ്റ്റംബര്‍ 17 ന് സെക്രട്ടറി തല യോഗത്തില്‍ മരം മുറിക്കാനുള്ള തീരുമാനമെടുത്തു. ഇക്കാര്യം കേരളം സുപ്രീം കോടതിയെയും അറിയിച്ചു. ഇതൊന്നും മന്ത്രി അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം ആ കസേരയില്‍ ഇരിക്കുന്നത്. വി ഡി സതീശന്‍ ചോദിച്ചു.
ജലവിഭവ വകുപ്പ് മന്ത്രിയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റത്. മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയും ഓഫിസും ചേര്‍ന്നാണ് മരം മുറിക്കാനുള്ള തീരുമാനം എടുത്തതെങ്കില്‍ ഒരു നിമിഷം പോലും റോഷി അഗസ്റ്റിന്‍ മന്ത്രി സ്ഥാനത്ത് തുടരരുത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.എ കെ ശശീന്ദ്രനും ഇരുട്ടില്‍ തപ്പുകയാണ്. മന്ത്രിമാരുടെ വിലാപത്തേക്കാള്‍ വലുതാണ് മുഖ്യമന്ത്രിയുടെ മൗനം. ഇത്രയും ആക്ഷേപം വന്നിട്ടും ഒരക്ഷരം മിണ്ടിയിട്ടില്ല. ഇവരെല്ലാം ചേര്‍ന്ന് മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദങ്ങള്‍ ദുര്‍ബലമാക്കി. ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് സുപ്രീംകോടതിയില്‍ കേരളത്തിന്റെ വാദങ്ങള്‍ ദുര്‍ബലമാക്കിയത്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പ്രസതാവനയോട് മന്ത്രി പ്രതീകരിച്ചിട്ടില്ല.