റൊട്ടിക്ക് 3 രൂപ, നോണ്‍വെജ് ബഫെ ലഞ്ചിനു 700 രൂപ; പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി ഒഴിവാക്കി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി വിവിധ ഭക്ഷണ സാധനങ്ങളുടെ വിലവിവരം പുറത്തുവിട്ടു. ഈ ആഴ്ച പ്രഖ്യാപിച്ച പുതിയ വില പ്രകാരം മിക്ക ഇനങ്ങള്‍ക്കും മാര്‍ക്കറ്റ് നിരക്കിന് തുല്യമായ വിലയാണ് ഈടാക്കുക. ഒരു റൊട്ടിക്ക് 3 രൂപയും വെജിറ്റേറിയന്‍ ഭക്ഷണത്തിനു 100 രൂപയുമാണ്. എന്നാല്‍, ഒരു നോണ്‍ വെജിറ്റേറിയന്‍ ലഞ്ച് ബഫെയ്ക്കു 700 രൂപയാണ്. പാര്‍ലിമെന്റ് കാന്റീനിലെ സബ്‌സിഡി ഒഴിവാക്കുമെന്ന് 2016 മുതല്‍ സര്‍ക്കാര്‍ നിരവധി സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇപ്പോഴാണ് നടപ്പാക്കിയത്. പാര്‍ലമെന്റ് കാന്റീനുകളില്‍ എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കുന്ന ഭക്ഷണത്തിനു ചെലവേറിയതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സബ്‌സിഡി നല്‍കുന്നത് നിര്‍ത്തലാക്കിയത്. സബ്‌സിഡി നിര്‍ത്തലാക്കുന്നതു വഴി ലോക്‌സഭ കാന്റീനില്‍ നിന്നു പ്രതിവര്‍ഷം 8 കോടിയിലേറെ രൂപ ലാഭിക്കാനാവുമെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.
ജനുവരി 29ന് ആരംഭിക്കുന്ന അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സ്പീക്കര്‍ ഓം ബിര്‍ള, നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് പകരം പാര്‍ലമെന്റ് കാന്റീനുകള്‍ ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനോ ഐടിഡിസിയോ നടത്തുമെന്നും അറിയിച്ചിരുന്നു. പാര്‍ലമെന്റ് കാന്റീനില്‍ വില്‍ക്കുന്ന സബ്‌സിഡി ഭക്ഷണത്തിനായി 13 കോടി രൂപ ചെലവഴിച്ചതായി 2019 ല്‍ അധികൃതര്‍ അറിയിച്ചിരുന്നു.
Roti At Rs 3, Non-Veg Buffet At Rs 700: Parliament Canteen Sheds Subsidy