കേരളത്തെയും ആര്‍എസ്എസ് ആയുധപ്പുരയാക്കി മാറ്റുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2022-01-06 09:25 GMT

കൊച്ചി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തെയും ആര്‍എസ്എസ് ആയുധപ്പുരയാക്കി മാറ്റുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ആര്‍എസ്എസ്സിന്റെ കേരളത്തിലെ ആയുധ ശേഖരം സംബന്ധിച്ച കൃത്യമായ ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ്സിന്റെയും സംഘപരിവാര പ്രസ്ഥാനങ്ങളുടെയും ഇത്തരം ആയുധപ്പുരകള്‍ റെയ്ഡ് നടത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത് വംശഹത്യയിലധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്.

രാജ്യവ്യാപകമായി അവര്‍ അത് സുഗമമായി നടപ്പാക്കുന്നുമുണ്ട്. രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ഇവര്‍ അധികാരത്തില്‍ വന്നതുപോലും ഇത്തരം വംശഹത്യാ കലാപങ്ങളിലൂടെയാണ്. കേരളത്തില്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആര്‍എസ്എസ് വിരുദ്ധ നിലപാട് ആര്‍എസ്എസ്സിനെ പ്രകോപിപ്പിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന അജണ്ട എന്താണെന്ന് പൊതുസമൂഹത്തോട് സംവദിക്കാന്‍ അവര്‍ക്ക് കഴിയന്നില്ല. സംവേദനക്ഷമതയില്ലാത്ത മനുഷ്യത്വരഹിതവും ഭീകരവുമായ പ്രത്യയശാസ്ത്രവും അതിന് വിധേയമായ സായുധസംഘാടനവുമാണ് അവര്‍ രാജ്യത്ത് നടപ്പാക്കുന്നത്.

എസ്ഡിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ആശയം ഫാഷിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ആശയത്തിന് എതിരാണ്. ഭയാശങ്ക വിതച്ച കേരളത്തെ വരുതിയിലാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ ഫാഷിസത്തിന്റെ അപകടത്തെ ബോധ്യപ്പെടുത്തി ജനകീയമായ അതിജീവന മാര്‍ഗം സൃഷ്ടിക്കുന്നതാണ് എസ് ഡിപിഐയുടെ നയം. അതുകൊണ്ടാണ് എസ്ഡിപിഐക്കെതിരേ ആക്ഷേപങ്ങളും ആരോപണങ്ങളുമായി അവര്‍ വരുന്നത്.

ആര്‍എസ്എസ്സിന്റെ ആശയം അപകടകരമാണെന്ന് രാജ്യം സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്. ഇന്നലെ കേരളത്തില്‍ കലാപമുണ്ടാവാതിരുന്നത് ആര്‍എസ്എസ്സിന്റെ പ്രാപ്തികൊണ്ടല്ല, മറിച്ച് വംശീയമായി അധിക്ഷേപിച്ച് ആര്‍എസ്എസ് മുദ്രാവാക്യം വിളിച്ചപ്പോഴും കേരളീയ സമൂഹം അതിനോട് സ്വീകരിച്ച സംയമനം കൊണ്ടാണ്. കേരളത്തെ കലാപഭൂമിയാക്കി കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ അതിനെതിരേ ജനാധിപത്യപരമായ ശക്തമായ പരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടുപോവും. ഫാഷിസത്തിന്റെ തേര്‍വാഴ്ചയ്ക്ക് കേരള സമൂഹത്തെ വിട്ടുകൊടുക്കില്ല. അവബോധമുള്ള സമൂഹത്തെ സൃഷ്ടിച്ച് അതിനെ അതിജീവിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News