മുസ്‌ലിം ലീഗിനെതിരേ വര്‍ഗീയ ആരോപണം; ബിജെപിക്കും സിപിഎമ്മിനും ഒരേസ്വരം
മുസ്‌ലിംലീഗ് ബന്ധം ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചാരണവുമായി മോദിയും യോഗിയും എത്തിയതിന് പിന്നാലെ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും രംഗത്തെത്തിയിരുന്നു. വയനാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് മുതല്‍ ഈ വിഷയം ഉത്തരേന്ത്യയില്‍ ബിജെപി പ്രചാരണവിഷയമായി ഉപയോഗിക്കുന്നുണ്ട്. ന്
കോഴിക്കോട്: മുസ്‌ലിംലീഗിനെതിരേ വര്‍ഗീയത ആരോപിക്കുന്നതില്‍ സംഘപരിവാറിനും സിപിഎമ്മിനും ഒരേ സ്വരം. മുസ്‌ലിംലീഗ് ബന്ധം ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചാരണവുമായി മോദിയും യോഗിയും എത്തിയതിന് പിന്നാലെ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും രംഗത്തെത്തിയിരുന്നു. വയനാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് മുതല്‍ ഈ വിഷയം ഉത്തരേന്ത്യയില്‍ ബിജെപി പ്രചാരണവിഷയമായി ഉപയോഗിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഒളിച്ചോടുകയാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
മുസ്‌ലിംലീഗിനെ പേരെടുത്ത് വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. മുസ്‌ലിംലീഗ് ഒരു വൈറസാണ്. ഈ വൈറസിനാല്‍ ഒരിക്കല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. അതിനാല്‍ എല്ലാവരും സൂക്ഷിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വയനാട്ടില്‍ മുസ്‌ലിം ലീഗിനെ കൂട്ടുപിടിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മതനിരപേക്ഷതക്ക് യോജിച്ചതല്ലെന്നായിരുന്നു സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായം. ഹൃസ്വദൃഷ്ടിയോടെയുള്ള സമീപനത്തിന് കോണ്‍ഗ്രസ് വലിയവില നല്‍കേണ്ടിവരുമെന്നും 'ഈ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍' എന്ന തലക്കെട്ടില്‍ 'ദേശാഭിമാനി'യില്‍ എഴുതിയ ലേഖനത്തില്‍ കാരാട്ട് ചൂണ്ടിക്കാട്ടി.
'വയനാട് മണ്ഡലത്തില്‍ മുസ്‌ലിംലീഗിന് ശക്തമായ സാന്നിധ്യമുണ്ട്. രാഹുല്‍ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സംയുക്ത സ്ഥാനാര്‍ഥിയായി ആണ് യുഡിഎഫ് ബാനറില്‍ ജനവിധി തേടുന്നത്. വയനാട്ടിലെ ഇടത് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തില്‍ രാഹുല്‍ ആശ്രയിക്കുന്നത് ലീഗിനെയാണ്. അവരെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോല്‍പിക്കാനാവില്ലെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ സിപിഎമ്മും ഇടതുമുന്നണിയുമാണ് ബിജെപിക്കും ആര്‍എസ്എസിനുമെതിരേ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നത്. കോണ്‍ഗ്രസും യുഡിഎഫും പലഘട്ടങ്ങളിലും വര്‍ഗീയശക്തികളുമായി സന്ധിചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഇതറിവുള്ളതുകൊണ്ട് രാഹുല്‍ ഗാന്ധി മത്സരിച്ചാലും അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല' കാരാട്ട് കുറിച്ചു. സിപിഎം സംസ്ഥാന നേതാക്കളും മുസ്‌ലിംലീഗിനെതിരേ വര്‍ഗീയ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് പ്രചാരണങ്ങള്‍ ഇതിന് മുമ്പും സിപിഎം ഏറ്റെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് വിശേഷിപ്പിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ അവര്‍ ഖേദം പ്രകടിപ്പിച്ചു. 'പപ്പു സെ്രെടക്ക്' എന്ന പ്രയോഗം വന്നത് അനുചിതമാണെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജ് പറഞ്ഞു. ജാഗ്രത കുറവ് കൊണ്ടുണ്ടായ പിശകാണെന്നും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മനോജ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.