വനിതാ മതില്‍: ആര്‍എസ്എസ് ആക്രമണം, പോലിസ് ആകാശത്തേക്ക് വെടിവച്ചു
ചേറ്റുകുണ്ടില്‍ പോലിസ് ആകാശത്തേക്കു വെടിവച്ചു. ഡിവൈഎസ്പി നാലു റൗണ്ടും എസ്പി രണ്ടു റൗണ്ടും വെടിവച്ചു. സംഘര്‍ഷം നിയന്ത്രണാധീതമായതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് പോലിസ് പറഞ്ഞു.
കാസര്‍കോട്: വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ക്കു നേരെ കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് ആക്രമണം. ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ശക്തമായ ചേറ്റുകുണ്ടില്‍ പോലിസ് ആകാശത്തേക്കു വെടിവച്ചു. ഡിവൈഎസ്പി നാലു റൗണ്ടും എസ്പി രണ്ടു റൗണ്ടും വെടിവച്ചു. സംഘര്‍ഷം നിയന്ത്രണാധീതമായതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. മധൂര്‍ കുതിരപ്പാടിയില്‍ ആര്‍എസ്എസ് ആക്രമണത്തിനിരയായ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയുമാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ഇടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.