എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്; കലാപം പടരുന്നു
സിപിഎം നേതാവും എംഎല്‍എയുമായ എ എന്‍ ഷംസീറിന്റെ വീടിന് നേരെ ബോംബേറ്. രാത്രിയോടെയാണ് സംഭവം. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
തലശ്ശേരി: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് അറുതിയായില്ല. സിപിഎം നേതാവും എംഎല്‍എയുമായ എ എന്‍ ഷംസീറിന്റെ വീടിന് നേരെ ബോംബേറ്. രാത്രിയോടെയാണ് സംഭവം. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീട്ടിലെ വാട്ടര്‍ ടാങ്കും ചുമരും തകര്‍ന്നിട്ടുണ്ട്. സംഭവ സമയം ഷംസീര്‍ വീട്ടിലില്ലായിരുന്നു. കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ബോംബേറിന് പിന്നില്‍ ആര്‍എസ്എസ്സിന്റെ ആസൂത്രിത കലാപ ശ്രമമാണെന്ന് ഷംസീര്‍ പ്രതികരിച്ചു. സമാധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടേയാണ് തന്റെ വീടിന് നേരെ ആര്‍എസ്എസ് ബോംബെറിഞ്ഞതെന്നും ഷംസീര്‍ എംഎല്‍എ പറഞ്ഞു. അതിനിടെ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി കൃഷ്ണന്‍കുട്ടിക്ക് വെട്ടേറ്റു.
മണിക്കൂറുകള്‍ക്ക് മുമ്പ് സമീപത്ത് ബിജെപി-സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വാഴയില്‍ ശശിയുടെ തിരുവങ്ങാട്ടെ വീടിന് നേരെയും തലശ്ശേരി ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുമേഷിന്റെ വീടിന് നേരെയുമാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന്റെ ചുവടുപിടിച്ചാണ് തലശ്ശേരിയില്‍ വീണ്ടും ആക്രമണ പരമ്പരകള്‍ ഉണ്ടായത്. ഇന്നലെ വൈകിട്ട് സി.പി.എം തിരുവങ്ങാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. വൈകാതെ തന്നെ ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരിദാസന്റെ വീടും അടിച്ച് തകര്‍ത്തിരുന്നു.
പത്തനംതിട്ട അടൂര്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിന് നേരെയും ബോംബേറുണ്ടായി. രവീന്ദ്രന് നിസ്സാര പരിക്കേറ്റിട്ടുണ്ട്.പത്തനംതിട്ട അടൂരില്‍ മൂന്ന് ദിവസത്തേക്ക് ജില്ലാ കലക്്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുടര്‍ച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് നിരോധനാജ്ഞ പന്തളത്ത് മുപ്പതോളം പേരെ കരുതല്‍ തടങ്കലിലാക്കി.
അതിനിടെ മഞ്ചേശ്വരത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. പോലിസ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.