കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷണത്തില്‍ ഛത്തിസ്ഗഡിലെ ക്ഷേത്രം സന്ദര്‍ശിച്ച് ആര്‍എസ്എസ് മേധാവി

2020ല്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ നവീകരിച്ച മാതാ കൗശല്യ ക്ഷേത്രം, മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തന്റെ സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളുടെ ഉത്തമ ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത്.

Update: 2022-09-14 13:44 GMT

റായ്പൂര്‍: ഛത്തിസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ക്ഷണപ്രകാരം ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ചൊവ്വാഴ്ച ഛത്തിസ്ഗഡിലെ റായ്പൂരിലെ ചന്ദ്രഖുരി ഗ്രാമത്തിലെ മാതാ കൗശല്യ ക്ഷേത്രം സന്ദര്‍ശിച്ചു. തിങ്കളാഴ്ച സമാപിച്ച ആര്‍എസ്എസിന്റെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ റായ്പൂരില്‍ എത്തിയതായിരുന്നു മോഹന്‍ ഭഗവത്.

2020ല്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ നവീകരിച്ച മാതാ കൗശല്യ ക്ഷേത്രം, മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തന്റെ സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളുടെ ഉത്തമ ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത്. മതചിഹ്നങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചിരുന്നു.

രാമന്റെ അമ്മയായ മാതാ കൗശല്യയുടെ ജന്മസ്ഥലമാണ് ചന്ദ്രഖുരി എന്നാണ് വാദം. രാമന്റെ അമ്മയുടെ പേരിലാണ് ക്ഷേത്രവും, എന്നാല്‍ ഈ വാദത്തിന്റെ സാധുത പോലും ബിജെപി നേതാക്കള്‍ ചോദ്യം ചെയ്തിട്ടുണ്ട്.

'ഞങ്ങള്‍ മോഹന്‍ ഭഗവതിനെ മാതാ കൗശല്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. അവിടെ എത്തിയപ്പോള്‍ അദ്ദേഹത്തിന് സമാധാനം തോന്നിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ഷേത്രത്തിന്റെ പുതിയ രൂപവും മാതാ കൗശല്യയുടെ സ്‌നേഹവും, രാമന്റെ ശക്തിയും അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം.' ഭഗവതിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ട്വീറ്റ് ചെയ്തു.

മറ്റൊരു ട്വീറ്റിലൂടെ, 'സംസ്‌കൃതം നിര്‍ബന്ധിത വിഷയമായ' സ്വാമി ആത്മാനന്ദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും, ഗൗതന്‍ അല്ലെങ്കില്‍ പശു സംരക്ഷണ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനും ആര്‍എസ്എസ് മേധാവിയെ ഛത്തിസ്ഗഡ് മുഖ്യമന്ത്രി ക്ഷണിച്ചു.

അതേ സമയം ഇത്തരം ഒരു ക്ഷണം സ്വീകരിക്കാതിരിക്കാന്‍ ഭഗവത് നിര്‍ബന്ധിതനായെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം പറയുന്നത്. 'ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്‍എസ്എസ് തലവനെ ക്ഷേത്ര ദര്‍ശനത്തിന് ക്ഷണിക്കുന്നത്.

15 വര്‍ഷം ഭരിച്ചിട്ടും മാതാ കൗശല്യയുടെ ക്ഷേത്രം പരിപാലിക്കാത്തത് എന്തുകൊണ്ടെന്ന് മോഹന്‍ ഭാഗവത് തന്റെ സഹോദര സംഘടനയായ ഭാരതീയ ജനതാ പാര്‍ട്ടിയോട് ചോദിക്കുമോ? എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. എന്തുകൊണ്ടാണ് ശ്രീരാമന്റെ വനവാസ പാത ശ്രദ്ധിക്കപ്പെടാത്തത്? എന്തുകൊണ്ടാണ് 15 വര്‍ഷമായി ഛത്തിസ്ഗഡിലെ ഗോശാലകളില്‍ അഴിമതിയും ഗോഹത്യയും നടക്കുന്നത്?.

മാതാ കൗശല്യയുടെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം, മതത്തിന് ഒരു വിദ്വേഷവും ആവശ്യമില്ലെന്ന് സംഘ മേധാവി മനസിലാക്കിയിരിക്കണം. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതോടൊപ്പം, നമ്മുടെ സംസ്‌കാരം സംരക്ഷിക്കാന്‍ കഴിയും, അത് ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് സര്‍ക്കാരും തെളിയിച്ചുവെന്ന് ഛത്തിസ്ഗഡ് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി വാര്‍ത്താവിഭാഗം തലവന്‍ സുശീല്‍ ആനന്ദ് ശുക്ല കൂട്ടിച്ചേര്‍ത്തു.

Similar News