വയോധികയെ മര്‍ദ്ദിച്ച ആര്‍എസ്എസുകാരനെ വിട്ടയച്ചു; ഫേസ്ബുക്ക് പോസ്റ്റിട്ട വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെതിരേ കേസ്
പോലിസ് സ്‌റ്റേഷനിലെത്തിയ ബാബു മലമൂത്ര വിസര്‍ജ്ജനം നടത്തിയതോടെ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു
തൃശൂര്‍: ആര്‍എസ്എസ് മര്‍ദ്ദനത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെതിരേ പോലിസ് കേസെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദിനെതിരേയാണ് മണ്ണൂത്തി പോലിസ് ഐപിസി 153 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലഹളയ്ക്ക് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് പോലിസ് സ്വമേധയാ കേസെടുത്തത്. അതേസമയം, തൃശൂര്‍ ജില്ലയിലെ മുല്ലക്കരയില്‍ രാവിലെ നടക്കാനിറങ്ങിയ 65 വയസ്സുകാരിയായ ജമീല എന്ന സ്ത്രീയെ
അയല്‍വാസി കൂടിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബാബു കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചിരുന്നു. ഈ രാജ്യം വിട്ടുപോവണമെന്ന് ആക്രോശിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ജമീല തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇക്കാര്യം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തതിനാണ് സജീദ് ഖാലിദിനെതിരേ പോലിസ് കേസെടുത്തത്. അതേസമയം, വയോധികയെ മര്‍ദ്ദിച്ച ബാബുവിനെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് വിട്ടയക്കുകയും ചെയ്തു. പോലിസ് സ്‌റ്റേഷനിലെത്തിയ ഇദ്ദേഹം മലമൂത്ര വിസര്‍ജ്ജനം നടത്തിയതോടെ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം ഉണ്ടെങ്കില്‍ തന്നെ അത് സ്ഥിരീകരിക്കാന്‍ ആശുപത്രിയില്‍ പോലും എത്തിക്കാതെയാണ് പ്രതിയെ വിട്ടയച്ചതെന്നും ആക്ഷേപമുണ്ട്.