എസ്എഫ്‌ഐ നേതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍
പിടിയിലായവര്‍ക്കെതിരേ നേരത്തെയും അക്രമക്കേസുകള്‍ നിലവിലുണ്ട്
ആലപ്പുഴ: ചാരുംമൂട് വള്ളികുന്നത്ത് എസ്എഫ്‌ഐ നേതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി വള്ളികുന്നം ആകാശ്ഭവനം ആകാശ്(23), മൂന്നാംപ്രതി രാഹുല്‍ നിവാസില്‍ രാഹുല്‍(23), നാലാം പ്രതിയും സഹോദരനുമായ ഗോകുല്‍(21) എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. രണ്ടാംപ്രതി ആര്‍ഷയില്‍ വരുണ്‍ദേവി(23)നെ കണ്ടെത്താനായില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30ന് വള്ളികുന്നം പള്ളിവിള കനാല്‍ ജങ്ഷനിലുണ്ടായ ആക്രമണക്കേസിലാണ് നടപടി. എസ് എഫ് ഐ ചാരുംമൂട് ഏരിയാ കമ്മിറ്റിയംഗം കടുവിനാല്‍ രാഹുല്‍ നിവാസില്‍ രാകേഷ് കൃഷ്ണന്‍(24), പ്രവര്‍ത്തകരായ കണ്ടലശേരില്‍ തെക്കതില്‍ ബൈജു(21), കലതി തെക്കതില്‍ വിഷ്ണു (21) എന്നിവരെയാണ് ആക്രമിച്ചത്.
ബൈക്കില്‍ പോവുകയായിരുന്ന വിഷ്ണുവിനെ ബിയര്‍ കുപ്പികൊണ്ട് എറിഞ്ഞുവീഴ്ത്തുകയും രാകേഷിനേയും ബൈജുവിനെയും തടഞ്ഞു നിര്‍ത്തി തലയില്‍ ബിയര്‍ കുപ്പി കൊണ്ടടിക്കുകയുമായിരുന്നു. തലയ്ക്കു വെട്ടാനുള്ള ശ്രമം തടയുന്നതിനിടെ രാകേഷിന്റെ ഇടത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ബൈജുവിനെ മുതുകില്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പിടിയിലായവര്‍ക്കെതിരേ നേരത്തെയും അക്രമക്കേസുകള്‍ നിലവിലുണ്ട്. വള്ളികുന്നം സിഐ ഗോപകുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ജിഷ്ണു, സനല്‍, രതീഷ്, സോനു, സതീഷ് തുടങ്ങിയവരാണ് പ്രതികളെ വട്ടയ്ക്കാട്ട് നിന്ന് അറസ്റ്റ്‌ചെയ്തത്.