സിദ്ധാര്‍ഥന്റെ മരണം: ആറ് വിദ്യാര്‍ഥികളെ കൂടി സസ്‌പെന്റ് ചെയ്തു, എസ്എഫ് ഐ നേതാക്കളുടെ അറസ്റ്റ് ഉടനുണ്ടായേക്കും

Update: 2024-03-01 05:55 GMT

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരണപ്പെട്ട സംഭത്തില്‍ ആറു വിദ്യാര്‍ഥികളെ കൂടി സസ്‌പെന്‍ഡ് ചെയ്തു. നേരത്തേ 12 വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേയാണ് നടപടി. ഇതോടെ കേസില്‍ പ്രതികളായ 18 പേരെയും സസ്‌പെന്‍ഡ് ചെയ്തു. കോളജ് യൂനിയന്‍ സെക്രട്ടറി ബില്‍ഗേറ്റ് ജോഷ്വാ, എസ് അഭിഷേക്, ഡി ആകാശ്, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ആര്‍ ഡി ശ്രീഹരി എന്നിവരെയാണ് ഇന്ന് സസ്‌പെന്റ് ചെയ്തത്. അതിനിടെ, വ്യാഴാഴ്ച രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങിയ എസ്എഫ്‌ഐ നേതാക്കളായ കോളജ് യൂനിയന്‍ പ്രസിഡന്റ് കെ അരുണ്‍, യൂനിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതിനുപുറമെ പോലിസ് കസ്റ്റഡിയിലെടുത്ത മറ്റൊരാളുടെയും അറസ്റ്റ് ഇന്നുണ്ടായേക്കും. ഇതോടെ പ്രതിപ്പട്ടികയിലുള്ള പത്തുപേര്‍ പോലിസ് പിടിയിലായി. ഒളിവിലുള്ള ആറുപേരെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലിസ് അറിയിച്ചു.

    കേസിലെ ഒന്നാംപ്രതി സീനിയര്‍ വിദ്യാര്‍ഥി പാലക്കാട് പട്ടാമ്പി ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ അഖിലിനെ(28) കല്‍പറ്റ ഡിവൈഎസ്പി ടി എന്‍ സജീവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാലക്കാട്ടെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കോളജില്‍നിന്ന് നേരത്തേ സസ്‌പെന്‍ഡ് ചെയ്ത 12 വിദ്യാര്‍ഥികളില്‍ അഖിലും ഉള്‍പ്പെട്ടിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ചവരില്‍ അഖില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ഫെബ്രുവരി 18നാണ് ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ(21)നെ വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News