അടിത്തറ ശക്തമാക്കല്‍: ബിജെപിക്കുമേലുള്ള ആര്‍എസ്എസ് നിയന്ത്രണം കുറയ്ക്കുന്നു
ബിജെപിയുടെ ദൈനംദിന കാര്യങ്ങളിലും ഭാരവാഹി നിയമനങ്ങളിലും നേതൃത്വം ആവശ്യപ്പെടാതെ നേരിട്ട് ഇടപെടേണ്ടെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ പുതിയ തീരുമാനം
കോഴിക്കോട്: കേരളത്തില്‍ ഉദ്ദേശിച്ച വളര്‍ച്ച കൈവരിക്കാനായി ബിജെപിക്കു മേലുള്ള ആര്‍എസ്എസ് നിയന്ത്രണം കുറയ്ക്കാനൊരുങ്ങി സംഘപരിവാര നേതൃത്വം. ബിജെപിയുടെ ദൈനംദിന കാര്യങ്ങളിലും ഭാരവാഹി നിയമനങ്ങളിലും നേതൃത്വം ആവശ്യപ്പെടാതെ നേരിട്ട് ഇടപെടേണ്ടെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ പുതിയ തീരുമാനം. മുന്നണി രാഷ്ട്രീയത്തിന്റെ കാര്യത്തിലും മറ്റും ആര്‍എസ്എസ് സൂക്ഷമ തലത്തില്‍ ഇടപെടുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് പ്രതിസന്ധിയുണ്ടാക്കുന്നതായി ബിജെപി നേതൃത്വം സംഘ നേതാക്കളെ നേരത്തെ ധരിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെയും സംഘത്തിന്റെയും കേന്ദ്രനേതൃത്വത്തിന് ആര്‍എസ്എസ് കേരള നേതൃത്വത്തിന്റെ ഇത്തരം സമീപനത്തോട് വിയോജിപ്പാണ്. രാഷ്ട്രീയ തീരുമാനങ്ങള്‍ ബിജെപി തന്നെ എടുക്കട്ടെയെന്നും അവര്‍ ആവശ്യപ്പെടുമ്പോഴും, ഗൗരവമുള്ള വിഷയങ്ങള്‍ രൂപപ്പെടുന്ന സന്ദര്‍ഭങ്ങളിലും മാത്രം ഇടപെട്ടാല്‍ മതിയെന്നുമാണ് ആര്‍എസ്എസിന്റെ പുതിയ നയം. പാര്‍ട്ടി നയനിലപാടുകള്‍ വിലയിരുത്തി സംസ്ഥാന നേതൃത്വത്തിന് അതാത് അവസരങ്ങളില്‍ ഉപദേശം നല്‍കുകയാണ് ഇനി ചെയ്യുക. ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ സമന്വയയോഗങ്ങളും ഒഴിവാക്കിയേക്കും. പകരം പാര്‍ട്ടിക്കാര്യം സംസ്ഥാന പ്രസിഡന്റ് നേരിട്ട് ആര്‍എസ്എസ് നേതൃത്വത്തെ അറിയിക്കും. സാധാരണ പാര്‍ട്ടിക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയിരുന്ന സമന്വയ യോഗങ്ങള്‍ വളരെ പ്രധാനപ്പെട്ട സാഹചര്യങ്ങളിലും വിഷയങ്ങളിലും മാത്രമേ ഇനിയുണ്ടാകൂ.
ഭാരവാഹി തിരഞ്ഞെടുപ്പും നിയമനവും വിവാദമായ ഘട്ടത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. ബിജെപി സംസ്ഥാന ഭാരവാഹികളുടെ വ്യത്യസ്്ത യോഗങ്ങള്‍ നാളെയും മറ്റന്നാളും തിരുവനന്തപുരത്ത് നടക്കാനിരിക്കുകയാണ്. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് പങ്കെടുക്കുന്ന യോഗങ്ങളില്‍ മണ്ഡല വിഭജനവും ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കലും ചര്‍ച്ച ചെയ്യും. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം.
തിരഞ്ഞെടുപ്പു പണം ചെലവഴിക്കല്‍ കേസ്, സ്ഥാനാര്‍ഥിക്കു പണം നല്‍കല്‍,കുഴല്‍പണ ഇടപാട് മുതലായ ആരോപണങ്ങള്‍ക്ക് വിധേയനായതിനാല്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പ്രസിഡന്റായി സുരേന്ദ്രനെതന്നെ നിലനിര്‍ത്താനാണ് കേന്ദ്രനേതൃത്വം ഒരുങഅങുന്നത്. മണ്ഡലതലത്തില്‍ പരിപൂര്‍ണ അഴിച്ചു പണി നടക്കുമെന്നും സൂചനയുണ്ട്. നാളെ പുതിയ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും. മൂന്നിന് പ്രഭാരി, സഹപ്രഭാരി, വക്താക്കള്‍ എന്നിവരുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലും ബി എല്‍ സന്തോഷ് പങ്കെടുക്കും. സംസ്ഥാന കോര്‍കമ്മിറ്റി പുനസംഘടിപ്പിക്കാനുളഅള നീക്കവും നടക്കുന്നുണ്ട്. ഇത് പ്രശ്‌നങ്ങള്‍ സംങ്കീര്‍ണമാക്കാനിടയുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പുപോര് കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയാണ് നേതൃത്വം മുന്നില്‍ കാണുന്നത്. കെ സുരേന്ദ്രന്‍ പക്ഷത്തിന് പൂര്‍ണമായ മേല്‍ക്കൈ ലഭിക്കാനുളഅള സാധ്യതയാണ് കൃഷ്ണദാസ് പക്ഷത്തിനുള്ളത്. സംസ്ഥാന കോര്‍കമ്മിറ്റിയില്‍ ആരൊക്കെ വേണമെന്നു നിശ്ചയിക്കുന്നത് കേന്ദ്രനേതൃത്വമാണ്. കേരളത്തിലും തമിഴ്‌നാട്ടിലും സംസ്ഥാന കോര്‍ കമ്മിറ്റികളുടെ ഘടന മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമാണ്.കേരളത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ പ്രസിഡന്റുമാര്‍, സംഘടനാ സെക്രട്ടറി എന്നിവരുള്‍പ്പെടെ 13 അംഗങ്ങളുണ്ട്. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ പരമാവധി അഞ്ചുപേരാണ് മിക്ക സംസ്ഥാനത്തും കോര്‍ കമ്മിറ്റിയില്‍. ചിലയിടത്തു മുഖ്യമന്ത്രിമാരുമുണ്ട്. അടിയന്തര രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണ് ഈ കമ്മിറ്റി. കോര്‍ കമ്മിറ്റിയെ ഗ്രൂപ്പുനിലപാടുകള്‍ വ്യക്തമാക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള വേദിയാക്കുന്ന രീതി ഇനി നടക്കില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
നാളെ രാവിലെ നടക്കുന്ന കോര്‍ കമ്മിറ്റിയിലും സംസ്ഥാന നേതൃയോഗത്തിലും കൃഷ്ണദാസ് പക്ഷം പങ്കെടുക്കില്ലെന്നു സൂചനയുണ്ടായിരുന്നു. തങ്ങളുടെ പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ പുനസംഘടനയില്‍ അവഗണിക്കപ്പെട്ടുവെന്ന് കൃഷ്ണദാസ് പക്ഷം നേരത്തെ സൂചിപ്പിച്ചിരുന്നു.മണ്ഡല വിഭജനത്തിനു മുന്നോടിയായി പല ജില്ലകളിലും ചില സംസ്ഥാന നേതാക്കള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിക്കുന്നതായി സൂചനയുണ്ട്. മണ്ഡല തലങ്ങളില്‍ തന്നെ ശക്തി തെളിയിക്കാനാണ് ഇരുവിഭാഗങ്ങളും ശ്രമിക്കുന്നത്. ഗ്രൂപ്പിസം മൂലം പലയിടത്തും വ്യക്തമായ നേതൃത്വം ഇല്ലാത്തത്. കേരളത്തില്‍ നേതാക്കള്‍ക്കു കുറവില്ലെന്നും പക്ഷെ ജനകീയരായ നേതാക്കള്‍ കുറവാണെന്നും ബിജെപി കേന്ദ്രനേതൃത്വം നേരത്തെ വിലയിരുത്തിയിരുന്നു.