'ആര്‍എസ്എസ് സിഖ് വംശഹത്യക്ക് ശ്രമിക്കുന്നു' ആത്മഹത്യയ്ക്ക് മുമ്പ് സിഖ് ആത്മീയ നേതാവിന്റെ കുറിപ്പ്
സര്‍ക്കാര്‍ നീതി നടപ്പാക്കുന്നില്ല. മറ്റുള്ളവരെ അടിച്ചമര്‍ത്തുന്നത് പാപമാണ്. അടിച്ചമര്‍ത്തല്‍ സഹിക്കുന്നതും പാപമാണ്. ആളുകള്‍ കര്‍ഷകരുമായുള്ള ഐക്യദാര്‍ഢ്യവും ഈ അനീതിക്കെതിരായ കോപവും പലവിധത്തില്‍ പ്രകടിപ്പിച്ചു'. ബാബ റാം സിംഗിന്റെ ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനേയാണ്.
ന്യൂഡല്‍ഹി: ആര്‍എസ്എസ് സിഖ് സമൂഹത്തിന് ചുറ്റും ഇഴയുന്ന പാമ്പാണെന്നും അവര്‍ സിഖുകാരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത സിഖ് നേതാവും പ്രാസംഗികനുമായ സന്ത് ബാബ റാം സിംഗ്. ആത്മഹത്യാക്കുറിപ്പിന് മുമ്പായി എഴുതുയ 10 പേജുള്ള കുറിപ്പിലാണ് അദ്ദേഹം ആര്‍എസ്എസ്സിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ഹരിയാനയിലെ കര്‍ണാലിലെ നാനക്‌സര്‍ തത്ത് ഗുരുദ്വാരയില്‍ നിന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ് കണ്ടെടുത്തത്. ആര്‍എസ്എസ് ആക്രമണം കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് എതിരേ മാത്രമല്ലെന്ന് അദ്ദേഹം എഴുതി. സിഖ് കമ്മ്യൂണിറ്റിക്ക് ചുറ്റും ഇഴയുന്ന പാമ്പായാണ് ബാബ റാം സിംഗ് ആര്‍എസ്എസ്സിനെ വിശേഷിപ്പിച്ചതെന്ന് 'ദി പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ 16 നാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയത്. അതിന് മുന്‍പ് ഡിസംബര്‍ 14 നാണ് ആര്‍എസ്എസ്സിനെതിരായ ദീര്‍ഘമായ കുറിപ്പ് എഴുതിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബാബ റാം സിംഗിന്റെ ശവസംസ്‌കാര വേളയില്‍ കത്ത് വായിച്ചു: 'സിഖ് സമൂഹത്തേയും വംശത്തേയും ഉന്മൂലനം ചെയ്യാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. സിഖ് സമൂഹം എല്ലായ്‌പ്പോഴും ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തിനിരയായി, ഇപ്പോഴും ആക്രമിക്കപ്പെടുന്നു. എന്നിട്ടും നമ്മളില്‍ ചിലര്‍ ആര്‍എസ്എസിനായി പ്രവര്‍ത്തിക്കുന്നുവെന്നത് ലജ്ജാകരമാണ്. ചിലര്‍ അധികാരത്തിന് വേണ്ടിയും ചിലര്‍ പണത്തിന് വേണ്ടിയും ആര്‍എസ്എസ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ചിലരെ ഭീഷണിയിലൂടെ ആര്‍എസ്എസ്സിന്റെ ഭാഗമാക്കുന്നു. ആര്‍എസ്എസ് ഒരു പാമ്പിനെ പോലെ സിഖ് സമൂഹത്തിന് ചുറ്റും കറങ്ങുന്നു'. ബാബ റാം സിംഗ് കുറിച്ചു.
'കര്‍ഷകരുടെ വേദന ഞാന്‍ കണ്ടു. അവകാശങ്ങള്‍ നേടുന്നതിനായി കര്‍ഷകര്‍ തെരുവുകളില്‍ കഷ്ടപ്പെടുന്നു. എന്റെ ഹൃദയം ഇതില്‍ വളരെ വേദനിച്ചു. സര്‍ക്കാര്‍ നീതി നടപ്പാക്കുന്നില്ല. ഇത് അനീതിയാണ്. മറ്റുള്ളവരെ അടിച്ചമര്‍ത്തുന്നത് പാപമാണ്. അടിച്ചമര്‍ത്തല്‍ സഹിക്കുന്നതും പാപമാണ്. ആളുകള്‍ കര്‍ഷകരുമായുള്ള ഐക്യദാര്‍ഢ്യവും ഈ അനീതിക്കെതിരായ കോപവും പലവിധത്തില്‍ പ്രകടിപ്പിച്ചു'. ബാബ റാം സിംഗിന്റെ ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനേയാണ്.