തിരഞ്ഞെടുപ്പ് സുരക്ഷ; ആര്‍എസ്എസുകാര്‍ കേന്ദ്രസേനയുടെ വേഷത്തിലെത്തിയതായി സംശയിക്കുന്നതായി മമതാ ബാനര്‍ജി

Update: 2019-05-12 19:14 GMT

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് സുരക്ഷക്കായി ബംഗാളിലേക്ക് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ വേഷംമാറിയെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണു സംശയിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

താന്‍ കേന്ദ്രസേനയെ അവഹേളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ ബംഗാളില്‍ വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നതു സത്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരോട് ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇതിനായി അവര്‍ക്കു നിര്‍ദേശം ലഭിച്ചതായി സംശയിക്കണം. ബിജെപിക്കു വോട്ടു ഉറപ്പാക്കുകയാണോ സുരക്ഷാ സേനയുടെ ജോലി. വിരമിച്ച ഉദ്യോഗസ്ഥരില്‍ ചിലരെ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ അവരുടെ ഇഷ്ടം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മോദിയുടെ കീഴിലുള്ള ഈ ഉദ്യോഗസ്ഥര്‍ നാളെ മറ്റുള്ളവരുടെ കീഴിലായിരിക്കാമെന്നതു ഓര്‍ക്കണമെന്നും മമത പറഞ്ഞു.

ബംഗാളിലെ പോളിങ് ബൂത്തുകള്‍ കേന്ദ്ര സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ഇത്. ഇത്തരത്തില്‍ സുരക്ഷക്കായി എത്തിയ ഉദ്യോഗസ്ഥര്‍ ബിജെപിക്കായി പ്രവര്‍ത്തിച്ചുവെന്നാണ് മമതയുടെ ആരോപണം. 

Tags:    

Similar News