രൂപേഷിനെതിരായ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഹരജി പിന്‍വലിക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ നൽകി സർക്കാർ
വളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
ന്യൂഡല്‍ഹി: മാവോവാദി നേതാവ് രൂപേഷിനെതിരായ കേസില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. രൂപേഷിനെതിരെ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഹരജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. സര്‍ക്കാരിന്റെ അപേക്ഷ ജസ്റ്റിസ് എം ആര്‍ ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
വളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ല്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പോലിസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരേ യുഎപിഎ നിയമം ചുമത്തിയിരുന്നത്. എന്നാല്‍ യുഎപിഎ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യുഷന്‍ അനുമതി കൃത്യ സമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പടുവിക്കുകയായിരുന്നു.
ഈ ഉത്തരവ് റദ്ദാക്കണമെന്നും രൂപേഷിനെതിരേ യുഎപിഎ വകുപ്പുകൾ പുനസ്ഥാപിക്കണമെന്നുമാണ് സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഹരജിയിൽ ജസ്റ്റിസ് എം ആർ. ഷാ, ബി വി നാഗരത്ന എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് സംസ്ഥാന സർക്കാരിന് നോട്ടിസ് അയച്ചിരുന്നു. സപ്തംബർ 19 നകം മറുപടി നൽകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ഹരജി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്.