കീവിനു സമീപത്തെ എയര്‍ഫീല്‍ഡ് റോക്കറ്റാക്രമണത്തില്‍ തകര്‍ത്ത് റഷ്യ

ഐഎസ്ഐഎസ് തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമമാണ് റഷ്യയുടെ നീക്കങ്ങളെന്നും സെലെന്‍സ്‌കി പറഞ്ഞു.

Update: 2022-03-12 13:00 GMT

കിവ്: യുക്രെയ്‌നിലെ അധിനിവേശം പതിനേഴാം ദിവസത്തിലെത്തി നില്‍ക്കെ ആക്രണം ശക്തമാക്കി റഷ്യ. കീവ് മേഖലയിലെ വാസില്‍കിവിലെ എയര്‍ഫീല്‍ഡ് റോക്കറ്റുകള്‍ ഉപയോഗിച്ച തകര്‍ത്തു. മറ്റൊരു സംഭവത്തില്‍ മരിയോപോളില്‍ 80 സിവിലിയന്മാര്‍ താമസിക്കുന്ന മുസ്‌ലിം പള്ളിയില്‍ ഷെല്ലാക്രമണമുണ്ടായതായി വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്‌സും എഎഫ്പിയും റിപോര്‍ട്ട് ചെയ്തു.

ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മിക്ക യുക്രെയ്ന്‍ നഗരങ്ങളിലും ഇന്നു രാവിലെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നു. അതിനിടെ യുദ്ധം 'തന്ത്രപ്രധാനമായ വഴിത്തിരിവില്‍' എത്തിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

യുക്രെയ്‌നിലെ ബയോളജിക്കല്‍ ലബോറട്ടറികള്‍ സംബന്ധിച്ച് രക്ഷാ സമിതി യോഗത്തിന് റഷ്യ ആഹ്വാനം ചെയ്തിയിരിക്കുകയാണ്. എന്നാല്‍ ബയോളജിക്കല്‍ ആന്‍ഡ് ടോക്‌സിന്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ബാധ്യതകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള കൂടിയാലോചനയിലൂടെയും സഹകരണത്തിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം മെലിറ്റോപോള്‍ നഗരത്തിലെ മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് സെലെന്‍സ്‌കി ആരോപിച്ചു. ഐഎസ്ഐഎസ് തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമമാണ് റഷ്യയുടെ നീക്കങ്ങളെന്നും സെലെന്‍സ്‌കി പറഞ്ഞു.

തെക്കന്‍ നഗരമായ മരിയുപോളില്‍ റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ 1,582 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിറ്റി കൗണ്‍സില്‍ അറിയിച്ചു. അധിനിവേശം മൂന്നാം വാരത്തിലേക്ക് കടന്നതോടെ ലക്ഷക്കണക്കിന് പേര് വെള്ളം, ഭക്ഷണം എന്നിവ ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

റഷ്യ ആക്രമണം കൂടുതല്‍ വ്യാപിപ്പിക്കുന്നതായാണ് ലഭിക്കുന്ന വിവരം. പടിഞ്ഞാറന്‍ മേഖലയിലുള്ള വ്യോമതാവളങ്ങള്‍ക്കും കിഴക്കന്‍ പ്രദേശത്തെ ഒരു വ്യവസായ കേന്ദ്രത്തിന് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരിച്ചടികള്‍ക്ക് മറുപടി നല്‍കുകയാണ് റഷ്യ. വളരെ തിരക്കേറിയ നഗരങ്ങള്‍പോലും അവശിഷ്ടങ്ങളാക്കി മാറ്റി.

Similar News