റഷ്യൻ ആക്രമണം തുടരുന്നു; ലിവിവിന് സമീപത്തെ വിമാനത്താവളത്തില്‍ സ്ഫോടനം

ഏറ്റുമുട്ടല്‍ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ചൈന റഷ്യയ്ക്ക് സൈനിക ഉപകരണം നല്‍കി സഹായിക്കുമോ എന്നതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.

Update: 2022-03-18 09:55 GMT

കീവ്: പടിഞ്ഞാറന്‍ യുക്രെയ്നിലെ ലിവിവില്‍ ആക്രമണം ശക്തമാക്കി റഷ്യ. ഇന്ന് രാവിലെ മൂന്ന് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലിവിവിലെ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് റഷ്യന്‍ മിസൈലുകള്‍ പതിച്ചതായി സിറ്റി മേയര്‍ അറിയിച്ചു.

റഷ്യയുടെ ഷെല്ലാക്രമണം മൂലം യുക്രൈനില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ബാധിച്ച് യുക്രെയ്നിയന്‍ പങ്കാളിയോടൊപ്പം ചേര്‍ണീവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പൗരനാണ് അവസാനമായി മരണപ്പെട്ടത്.

യുക്രെയ്നിയന്‍ നഗരങ്ങളിലേക്കുള്ള റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം നിലച്ചു. ഏറ്റുമുട്ടല്‍ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ചൈന റഷ്യയ്ക്ക് സൈനിക ഉപകരണം നല്‍കി സഹായിക്കുമോ എന്നതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.

മരിയുപോളിലെ ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. എങ്കിലും തലസ്ഥാന നഗരമായ കീവില്‍ ഷെല്ലാക്രമണം വീണ്ടും സജീവമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെങ്കിലും നിലപാടുകളില്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യന്‍ ആക്രമണം പിന്നീട് മന്ദഗതിയിലേക്ക് നീങ്ങിയതായാണ് പാശ്ചാത്ത്യ രാജ്യങ്ങള്‍ നല്‍കുന്ന വിവരം. യുക്രെയ്ന്‍ അതിവേഗം പിടിച്ചടക്കാമെന്നും വ്ലോദിമിര്‍ സെലെന്‍സ്കി ഭരണകൂടത്തെ നീക്കാമെന്നുമുള്ള റഷ്യന്‍ പ്രതീക്ഷകള്‍ പുരോഗതി കൈവരിക്കാതെ തുടരുകയാണ്.

ഏറ്റുമുട്ടലിലെ തിരിച്ചടികളും ഉപരോധങ്ങളും നേരിടുന്ന സാഹചര്യത്തിലും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അനുരഞ്ജനത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന ഒരു സൂചനയും നല്‍കുന്നില്ല. സാമ്പത്തികമായി ഉണ്ടായ തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ചൈന സഹായിക്കുമെന്നാണ് പുടിന്‍ ഭരണകൂടത്തിന്റെ പ്രതീക്ഷയെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു.

Similar News