സിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്‍പര്യമില്ല: അബൂ മുഹമ്മദ് അല്‍ ജൂലാനി
അതിനിടെ, സിറിയയിലെ പ്രധാന ആയുധങ്ങളും യുദ്ധസാമഗ്രികളും കൊണ്ട് റഷ്യ പുറത്തുപോയതായി റിപോര്‍ട്ടുകള്‍ പറയുന്നു.
ദമസ്‌കസ്: ആഭ്യന്തരയുദ്ധത്തില്‍ തളര്‍ന്ന സിറിയക്ക് ഇസ്രായേലുമായി യുദ്ധത്തിന് താല്‍പര്യമില്ലെന്ന് ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി. ഗോലാന്‍ കുന്നുകളില്‍ ഇസ്രായേല്‍ എല്ലാ സീമകളും ലംഘിച്ചെന്നും അല്‍ ജൂലാനി പറഞ്ഞു. സിറിയയും ഇസ്രായേലും തമ്മിലുണ്ടാക്കിയ കരാറിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. പക്ഷെ, വര്‍ഷങ്ങളോളം നടന്ന ആഭ്യന്തരയുദ്ധത്തിന്റെ ക്ഷീണം പുതിയ യുദ്ധത്തിന് ഞങ്ങളെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ഇറാന്റെ സ്വാധീനം അപകടകരമായിരുന്നുവെന്നും അതില്ലാതാക്കാന്‍ സാധിച്ചുവെന്നും സിറിയയുടെ സ്ഥിരതക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതിന് ശേഷം കനത്ത വ്യോമാക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഗോലാന്‍ കുന്നുകളിലെ ബഫര്‍ സോണും ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഇസ്രായേലാണ്. ഗോലാനിലെ ഏറ്റവും ഉയരമുള്ള മലയും ഇസ്രായേലി സൈനികര്‍ പിടിച്ചെടുത്തു പതാക കുത്തി. ഇസ്രായേലിന് ഭീഷണിയാവുന്ന ആയുധങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്തതെന്ന് ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
അതേസമയം, ലദാക്കിയ പ്രദേശത്ത് പഴയ ഭരണഅനുകൂലികളെ നേരിടാന്‍ പുതിയ സര്‍ക്കാര്‍ സൈന്യത്തെ അയച്ചു.ലദാക്കിയ പ്രദേശത്തെ ആയുധവിമുക്തമാക്കാനാണ് നടപടി. അലവി ശിയ വിഭാഗങ്ങള്‍ ഉള്ള പ്രദേശമാണിത്.
അതിനിടെ, സിറിയയിലെ പ്രധാന ആയുധങ്ങളും യുദ്ധസാമഗ്രികളും കൊണ്ട് റഷ്യ പുറത്തുപോയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ലിബിയയിലേക്കാണ് കാര്‍ഗോ വിമാനത്തില്‍ ഇവയെല്ലാം കൊണ്ടുപോയിരിക്കുന്നത്. എന്നാല്‍, ലദാക്കിയയിലെ മൈമിം താവളവും ടാര്‍ടസ് താവളവും തുടരാന്‍ റഷ്യക്ക് ആഗ്രഹമുണ്ട്. ഉന്നത സിറിയന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ്.
1944ല്‍ ഫ്രെഞ്ച് ഭരണത്തില്‍ നിന്ന് സിറിയയെ മോചിപ്പിക്കാന്‍ സോവിയറ്റ് യൂണിയന്‍ സഹായിച്ചിരുന്നു. അതിന് ശേഷം സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധമാണ് സിറിയ്ക്കുണ്ടായിരുന്നത്. പിന്നീട് ബശ്ശാറുല്‍ അസദിന്റെ ഭരണത്തെ നിലനിര്‍ത്തിയത് റഷ്യന്‍ സൈനികശക്തിയാണ്. എന്നാല്‍, ഇത്തവണ വിമതരുടെ മുന്നേറ്റത്തെ തടയാന്‍ സഹായം തേടിയെങ്കിലും റഷ്യ അതിന് തയ്യാറായില്ല.