യുക്രെയ്നില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യ

അധിനിവേശം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ നിര്‍ണായക സൂചനകള്‍ നല്‍കി റഷ്യ. കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റഷ്യയുടെ നീക്കം.

Update: 2022-03-26 08:53 GMT

കീവ്: യുക്രെയ്നില്‍ 1,351 റഷ്യൻ സൈനികർ മരിച്ചതായി റഷ്യൻ സൈനിക ജനറൽ സ്റ്റാഫിന്റെ ഡെപ്യൂട്ടി ഹെഡ് കേണല്‍ ജനറല്‍ സെര്‍ജി റുഡ്സ്കോയി അറിയിച്ചു. 3,825 സൈനികര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 7,000 മുതല്‍ 15,000 റഷ്യന്‍ സൈനികര്‍ വരെ യുക്രെയ്നില്‍ കൊല്ലപ്പെട്ടതായാണ് നാറ്റോയുടെ കണക്കുകള്‍. കിഴക്കൻ യുക്രെയ്നില്‍ പോരാടുന്ന വിഘടനവാദികളുടെ കണക്കുകള്‍ റഷ്യ ഉൾപ്പെടുത്തിയിട്ടില്ല.

അതേസമയം അധിനിവേശം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ നിര്‍ണായക സൂചനകള്‍ നല്‍കി റഷ്യ. കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റഷ്യയുടെ നീക്കം. റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളുടെ പ്രദേശമാണിത്. എന്നാല്‍ തലസ്ഥാന നഗരമായ കീവിന് പുറത്തുള്ള നഗരങ്ങള്‍ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ യുക്രെയ്ന്‍ തുടരുകയാണ്.

യുദ്ധത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. "യുക്രെയ്ന്‍ സേനയുടെ പോരാട്ട ശേഷി കുറയ്ക്കാനായി ഡോണ്‍ബാസിന്റെ വിമോചനം സാധ്യമാക്കുക എന്ന സുപ്രധാന ലക്ഷ്യം കൈവരിക്കുന്നതില്‍ ഇത് സഹായകമാകുന്നു," റഷ്യൻ ജനറൽ സ്റ്റാഫ് മെയിൻ ഓപ്പറേഷണല്‍ ഡയറക്ടറേറ്റ് മേധാവി സെർജി റുഡ്സ്കോയ് പറഞ്ഞു.

ലക്ഷ്യങ്ങൾ പുനർനിർണയിക്കുന്നത് പ്രസിഡന്റ് വ്‌ളാദിമിർ പുടിന് മുഖം രക്ഷിക്കുക എന്നത് എളുപ്പമാക്കുമെന്നാണ് സൈനിക വിശകലന വിദഗ്ധർ പറയുന്നത്. യുക്രെയ്നെ സൈനികവത്കരിക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ന്‍ സർക്കാരിനെ അട്ടിമറിക്കാനുള്ള അടിസ്ഥാനരഹിതമായ കാരണമായാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്.

റഷ്യയുടെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ യുക്രൈനില്‍ നിന്ന് 37 ലക്ഷം പേരാണ് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഇതില്‍ ഭൂരിഭാഗവും പോളണ്ടിലേക്കാണ് പലായനം ചെയ്തതെന്നാണ് റിപോര്‍ട്ടുകള്‍.

Similar News