"യുക്രെയ്നികൾ അത്ര നിഷ്കളങ്കരല്ല"; റഷ്യൻ വാഗ്ദാനത്തോട് പ്രതികരിച്ച് സെലെൻസ്‌കി
“ഈ 34 ദിവസത്തെ അധിനിവേശത്തിനിടയിലും ഡോൺബാസിലെ കഴിഞ്ഞ എട്ട് വർഷത്തെ യുദ്ധത്തിലും യുക്രെയ്നികൾ പലതും പഠിച്ചു, അവർക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം അതിന്റെ ഫലമാണ്.”
കീവ്: കീവിനും ചെർണീവിനും ചുറ്റുമുള്ള സൈനിക മുന്നേറ്റങ്ങൾ കുറയ്ക്കുമെന്ന റഷ്യയുടെ വാഗ്ദാനത്തോട് സംശയത്തോടെ പ്രതികരിച്ച് യുക്രെയ്ൻ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഒരു മാസം പിന്നിടുമ്പോൾ, തുർക്കിയിൽ വച്ച് ഉർദുഗാന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചയിലാണ് റഷ്യയുടെ വാഗ്ദാനം ഉണ്ടായത്.
"യുക്രെയ്നികൾ അത്ര നിഷ്കളങ്കരായ ആളുകളല്ല," യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി ചൊവ്വാഴ്ചപറഞ്ഞു. "ഈ 34 ദിവസത്തെ അധിനിവേശത്തിനിടയിലും ഡോൺബാസിലെ കഴിഞ്ഞ എട്ട് വർഷത്തെ യുദ്ധത്തിലും യുക്രെയ്നികൾ പലതും പഠിച്ചു, അവർക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം അതിന്റെ ഫലമാണ്." അദ്ദേഹം പറഞ്ഞു.
അതേസമയം, "വടക്ക് നിന്ന് കിഴക്കൻ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖലകളിലേക്ക് റഷ്യ തങ്ങളുടെ ആക്രമങ്ങൾ മാറ്റാനുള്ള സാധ്യതയുണ്ട്" എന്ന് ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം ഒരു ഇന്റലിജൻസ് അപ്‌ഡേറ്റിൽ പറഞ്ഞു.
റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഉഭയകക്ഷി യോഗങ്ങൾക്കായി വ്യാഴാഴ്ച ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപോർട്ടുണ്ട്. റഷ്യക്കെതിരായ ഉപരോധം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥരിൽ ഒരാളായ സിങ്, ഉപരോധത്തിന്റെ പ്രാധാന്യവും വ്യാപ്തിയും ഇന്ത്യയെ അറിയിക്കുമെന്ന് സൗത്ത് ബ്ലോക്ക് വൃത്തങ്ങൾ അറിയിച്ചു.
യുക്രെയ്ൻ യുദ്ധം "ഒരു ദുരന്തത്തിന്റെ മുകളിൽ മറ്റൊരു ദുരന്തം" സൃഷ്ടിച്ചെന്ന് യുഎൻ ഭക്ഷ്യ മേധാവി ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന യുദ്ധമായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം യുക്രെയ്ൻ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.