സ്ഥിരീകരിക്കാനാകാതെ യുക്രെയ്‌നിലെ മരണക്കണക്കുകള്‍; ആക്രമണം ശക്തമാക്കി റഷ്യ
നാശനഷ്ടങ്ങളുടെ കണക്കുകളൊന്നും റഷ്യന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 150,000ത്തിലധികം ആളുകള്‍ യുക്രെയ്ന്‍ വിട്ടതായി യുഎന്‍ അധികൃതര്‍ പറഞ്ഞു.
റഷ്യയുടെ അധിനിവേശത്തില്‍ ഇതുവരെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ പറഞ്ഞു. രാജ്യത്തുടനീളം വ്യാപകമായ പോരാട്ടമാണ് അരങ്ങേറുന്നത്. അതേസമയം റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവിലേക്ക് മുന്നേറുകയാണ്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വ്യാഴാഴ്ചയാണ് യുക്രെയ്‌നില്‍ വ്യാപകമായ ആക്രമണത്തിന് ഉത്തരവിട്ടത്. ഒന്നിലധികം നഗരങ്ങളെയും യുക്രെയ്ന്‍ സൈനിക താവളങ്ങളെയും വ്യോമാക്രമണത്തിലൂടെയും ഷെല്ലാക്രമണത്തിലൂടെയും ആക്രമിക്കുകയും ചെയ്തു. ആക്രമണം എല്ലാ ഭാഗത്തുനിന്നും ശക്തമാക്കണമെന്നും ശനിയാഴ്ച്ച പുടിന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യയുടെ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 198 യുക്രെയ്ന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷ്‌കോ ശനിയാഴ്ച പറഞ്ഞു. 33 കുട്ടികള്‍ ഉള്‍പ്പെടെ 1,115 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കണക്കുകളില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കിയിട്ടില്ല.
3,500 ലധികം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രേനിയന്‍ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ഏറ്റുമുട്ടലില്‍ 240 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ ശനിയാഴ്ച രാത്രി പറഞ്ഞു.
യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒസിഎച്ച്എ) യുഎന്‍ മനുഷ്യാവകാശ ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും മാധ്യമങ്ങള്‍ക്കൊന്നും ഇത് സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.
നാശനഷ്ടങ്ങളുടെ കണക്കുകളൊന്നും റഷ്യന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 150,000ത്തിലധികം ആളുകള്‍ യുക്രെയ്ന്‍ വിട്ടതായി യുഎന്‍ അധികൃതര്‍ പറഞ്ഞു. യുദ്ധം രൂക്ഷമായാല്‍ അഞ്ചുലക്ഷത്തോളം പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുമെന്നാണ് യുഎന്‍ കണക്കാക്കുന്നത്.