ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം നാളെ മുതല്‍

ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കേറ്റോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കോറ്റോ കരുതണം

Update: 2021-11-01 19:22 GMT

പത്തനംതിട്ട: വിശേഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.ചിത്തിര ആട്ട വിശേഷപൂജകള്‍ക്കായാണ് നടതുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം തന്ത്രി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. വൈകിട്ട് ഒമ്പതിന് പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി.

 ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കേറ്റോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കോറ്റോ കയ്യില്‍ കരുതണം. തുലാമാസ പൂജകള്‍ക്ക് വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവസരം കിട്ടാത്തവര്‍ക്കും നാളെ ദര്‍ശനത്തിന് അനുമതിയുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയില്‍ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശബരിമലയില്‍ വിന്യസിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഓപ്പറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കും. സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയാറായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

 കൊവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അത് കൂടി കണക്കിലെടുത്താണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റേയും സ്‌റ്റേറ്റ് സ്‌പെസിഫിക് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. എല്ലാ തീര്‍ത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കൊവിഡ് വന്ന് മൂന്ന് മാസത്തിനുള്ളില്‍ ആയിട്ടുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദര്‍ശനം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പമ്പ മുതല്‍ സന്നിധാനം വരെ ആരോഗ്യ പ്രശ്‌നമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള അഞ്ചിടങ്ഹളില്‍ സ്ഥാപിക്കും. കൊവിഡ് പശ്ചാതലത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങളോടെയും കരുതലോടയും മാത്രമേ തീര്‍ഥാടകര്‍ എത്താന്‍ പാടുള്ളു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Tags:    

Similar News