കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ അമ്മ അന്തരിച്ചു
ഇടുക്കി: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു. ത്രേസ്യാമ്മ (90)യാണ് മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം വൈകിട്ട് നാലിന് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.
റൂറല്‍ ഡെവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച തുക ഭാര്യയുടെ ചികില്‍സക്കായി ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനാല്‍ സാബു ആത്മഹത്യ ചെയ്തിട്ട് അധികദിവസമായിട്ടില്ല. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും ആതമഹത്യാകുറിപ്പില്‍ സാബു ആരോപിച്ചിരുന്നു. സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഭീഷണി സന്ദേശവും പുറത്ത് വന്നിരുന്നു.
അതേസമയം, സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് എം എം മണി എംഎല്‍എ പറഞ്ഞു. സാബുവിന്റെ മരണത്തില്‍ വി ആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല. പാപഭാരം എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവെക്കേണ്ട. ഇതൊന്നും പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ട. സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും കട്ടപ്പനയില്‍ സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ മണി പറഞ്ഞു.