പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ വേട്ടയാടിയെന്ന് ഭാര്യ
ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ വൈരാഗ്യമാണ് കോടികള്‍ മുടക്കി പണിത കെട്ടിടത്തിന് അനുമതി കൊടുക്കാത്തതിന് പിന്നിലെന്ന് ബീന ആരോപിച്ചു.
കണ്ണൂര്‍: ഓഡിറ്റോറിയത്തിന് ലൈസന്‍സ് നല്‍കാത്തതില്‍ മനംനൊന്ത് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രവാസിയുടെ ഭാര്യ ബീനാ സാജന്‍. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ വൈരാഗ്യമാണ് കോടികള്‍ മുടക്കി പണിത കെട്ടിടത്തിന് അനുമതി കൊടുക്കാത്തതിന് പിന്നിലെന്ന് ബീന ആരോപിച്ചു.
സംഭവത്തില്‍, ആന്തൂര്‍ നഗരസഭയ്‌ക്കെതിരെ ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും സാജന്റെ കുടുംബം പരാതി നല്‍കി. ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഒന്നര പതിറ്റാണ്ടോളം
നൈജീരിയയില്‍ ജോലി ചെയ്ത സാജന്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തി കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്.തുടക്കം മുതല്‍ കണ്‍വന്‍ഷന്‍ സെന്ററിനെതിരേ നഗരസഭ പലവിധ തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പി ജയരാജന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സമീപിച്ചതോടെ വിരോധം ശക്തമായി. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍, സെക്രട്ടറി, നഗരസഭാ എഞ്ചിനീയര്‍ എന്നിവരെ ലൈസന്‍സ് ആവശ്യത്തിനായി നിരന്തരം സമീപിച്ചെങ്കിലും നിഷേധാത്മക സമീപനമാണ് ഇവര്‍ സ്വീകരിച്ചത്. ഇതില്‍ മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.