സജി ചെറിയാന്റെ സത്യപ്രതിജ്ഞ; പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ

Update: 2023-01-03 09:17 GMT


കൊച്ചി: സജി ചെറിയാന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ. സജി ചെറിയാൻ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണഘടനയെ അവഹേളിച്ചു. വീണ്ടും മന്ത്രിയാവുന്നതിൽ ധാർമികമായ പ്രശ്നമുണ്ട്. ഇതിന്റെ യുക്തി എന്താണ്. സജി ചെറിയാൻ വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗത്തോട് പാർട്ടി യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇപ്പോൾ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമാണ്. പ്രതിപക്ഷം സംഭവത്തിൽ പ്രതിഷേധിക്കും. പ്രതിഷേധ രീതി പിന്നീട് തീരുമാനിക്കും. നിയമപരമായ വഴികൾ തേടും. സത്യപ്രതിജ്ഞയിൽ പ്രതിപക്ഷം പങ്കെടുക്കില്ല. യുഡിഎഫ് നേതാക്കൾ ബഹിഷ്കരിക്കും. മുഖ്യമന്ത്രിക്കും ഗവർണർക്കും ഇടയിൽ ഇടനിലക്കാരുണ്ട്. പലപ്പോഴും ബിജെപി നേതാക്കൾ തന്നെ ഇടനിലക്കാരാവാറുണ്ട്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാവുന്നത് ആദ്യമല്ല. ഇതൊക്കെ പല തവണ കണ്ടതാണെന്നും സതീശൻ പറഞ്ഞു.

സജി ചെറിയാൻ രണ്ടാം പിണറായി സർക്കാരിൽ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. തന്റെ ആശങ്ക ഗവർണർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്നും തന്റെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പ്രതികരിച്ചു.

Similar News