സയ്യിദ് സ്വലാഹുദ്ദീന്‍ വധം: ആര്‍എസ്എസ് ഗൂഢാലോചന പുറത്തുകൊണ്ട് വരണം-എസ് ഡിപി ഐ
കണ്ണൂര്‍: എസ് ഡിപി ഐ പ്രവര്‍ത്തകന്‍ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ കൊലക്കേസിലെ ആര്‍ എസ് എസ് ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും കൊല്ലിച്ചവരെ കണ്ടെത്താതെ കൊന്നവരെ മാത്രം പ്രതികളാക്കി കേസ് അവസാനിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ വ്യക്തമാക്കി. പോലിസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ കണ്ണവം സ്വദേശികള്‍ അല്ലാത്ത പാനൂര്‍, കോളയാട് പ്രദേശങ്ങളില്‍ ഉള്ളവരുമുണ്ട്. ഇവര്‍ എങ്ങനെ ഈ കൊലപാതകത്തില്‍ പങ്കാളികളായെന്ന് കണ്ടെത്തേണ്ടതുണ്ട്. കൊലപാതകത്തിനായി വ്യത്യസ്ത പ്രദേശങ്ങളിലെ ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളെ ആര്‍എസ്എസ് ഉന്നത നേതൃത്വം ഏര്‍പ്പാടാക്കിയിരുന്നു എന്നാണ് ഇതില്‍ നിന്നു മനസ്സിലാവുന്നത്. പ്രതികളില്‍ ഒരാള്‍ ആര്‍എസ്എസ് ജില്ലാ നേതാവിന്റെ ഡ്രൈവറാണെന്നും പറയപ്പെടുന്നു. ഇക്കാര്യങ്ങളെ കുറിച്ച് പോലിസ് കൃത്യമായ അന്വേഷണം നടത്തി കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വസ്തുതകളും പുറത്തു കൊണ്ടുവരണം. മാസങ്ങള്‍ നീണ്ട ആസൂത്രണം കൊലപാതകത്തിന് പിന്നില്‍ നടന്നിട്ടുണ്ട്. കാര്‍ വാടകയ്‌ക്കെടുക്കാന്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് ആരാണ് സാമ്പത്തിക സഹായം നല്‍കിയതെന്ന് പോലിസ് വ്യക്തമാക്കണം. അതുകൊണ്ട് തന്നെ ആര്‍എസ്എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായും സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവണമെന്നും എ സി ജലാലുദ്ദീന്‍ ആവശ്യപ്പെട്ടു.