എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ വധക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

Update: 2021-09-22 05:11 GMT

തൃശൂര്‍: 2020ല്‍ കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അഞ്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഷിഹാബുദ്ദീന്‍ വധക്കേസിലെ പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നവീനിന്റെ വീട്ടിലെത്തിയതായിരുന്നു സംഘം. കണ്ണൂര്‍ സ്വദേശികളായ പള്ളിയത്ത് ഞാലില്‍ വീട്ടില്‍ അമല്‍രാജ് (22), നടുകണ്ടി പറാമത്ത് വീട്ടില്‍ മിഥുന്‍ (22), പുളിയുള്ള പറമ്പത്ത് വീട്ടില്‍ പി പി മിഥുന്‍ (24), കരിപ്പള്ളിയില്‍ വീട്ടില്‍ യാദവ് (20), പാറമേല്‍ വീട്ടില്‍ അഭിജിത്ത് (22) എന്നിവരെയാണ് പാവറട്ടി പോലിസ് പിടികൂടിയത്. പാവറട്ടി എസ്എച്ച്ഒ എം കെ രമേഷ്, എസ്‌ഐ രതീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സോമന്‍, രാജേഷ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. സിപിഎം തിരുനെല്ലൂര്‍ ബ്രാഞ്ച് അംഗമായിരിക്കെ 2015ല്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ഷിഹാബുദ്ദീന്‍ വധക്കേസിലെ പ്രതിയായ നിലവില്‍ പരോളിലിറങ്ങിയ പാവറട്ടി സ്വദേശി നവീനുമായുള്ള ജയിലിലെ പരിചയം പുതുക്കാന്‍ എത്തിയതായിരുന്നു സംഘം. വിളക്കട്ടുപാടം ഭാഗത്ത് കാറില്‍ സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായതെന്ന് പോലിസ് പറയുന്നു.

കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ (30) കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വൈകിട്ട് നാലു മണിയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് ആക്രമണം നടന്നത്. രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു. കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് സലാഹുദ്ദീന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് രണ്ടു പേര്‍ പിന്നില്‍ നിന്ന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് പോലിസിന് വിവരം കൈമാറിയത്. സലാഹുദ്ദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Tags:    

Similar News