സമാജ് വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു

സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ഛോട്ടേ ലാല്‍ ദിവാകറും മകന്‍ സുനിലുമാണ് കൊല്ലപ്പെട്ടത്

Update: 2020-05-19 11:35 GMT

ലഖ്നോ: ഉത്തര്‍പ്രദേശിലെ സംബാല്‍ ജില്ലയില്‍ സമാജ് വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു. സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ഛോട്ടേ ലാല്‍ ദിവാകറും മകന്‍ സുനിലുമാണ് കൊല്ലപ്പെട്ടത്

ഗ്രാമത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് നിര്‍മിച്ച റോഡ് പരിശോധനയ്ക്കായി വയലിന് നടുവിലൂടെയുള്ള ചെറിയ റോഡില്‍ കടന്നുപോകയായിരുന്നു ഇരുവരും . എന്നാല്‍ വഴിയില്‍ വെച്ച് രണ്ട് ഗ്രാമീണരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തങ്ങളുടെ കൃഷിസ്ഥലം നികത്തിയാണ് റോഡ് പണിതതെന്നും ഇത് അനുദവിച്ചുതരില്ലെന്നും സംഭവ സ്ഥലത്ത് എത്തിയ സവീന്ദര്‍ എന്നയാള്‍ പറഞ്ഞു. ഇവരുടെ കയ്യില്‍ തോക്കുകളും ഉണ്ടായിരുന്നു.

ഇതോടെ ഇവര്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചു. പരസ്പരം വാദപ്രതിവാദം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ രണ്ടു പേരിലൊരാള്‍ 'വെടി വെയ്ക്കൂ' എന്ന നിര്‍ദേശം നല്‍കുകയും ഒരാള്‍ തോക്കെടുത്ത് സമാജ് വാദി പാര്‍ട്ടി നേതാവിനേയും മകനേയും വെടിവെക്കുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടു മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ സംഭവത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലിസ് വ്യക്തമാക്കി.2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ചോട്ട് ലാല്‍ മല്‍സരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സാംബാല്‍ ഷംസോയി ഗ്രാമമുഖ്യയാണ്.

Tags:    

Similar News