സംഭല്‍ ശാഹി ജാമിഅ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിയെയും അറസ്റ്റ് ചെയ്തു; നാളെ ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കാനിരിക്കെയാണ് പോലിസ് അതിക്രമം

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജാമിഅ് മസ്ജിദിന് സമീപം നവംബറിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിയേയും പോലിസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ നാളെ സഫര്‍ അലി മൊഴി നല്‍കാന്‍ ഇരിക്കുകയായിരുന്നു. അതിന് മുമ്പാണ് പോലിസ് സഫര്‍ അലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ചന്ദൗസി കോടതിയില്‍ ഹാജരാക്കി.
വിശ്വഹിന്ദു പരിഷത്ത് നേതാവായ ജിതേന്ദ്ര ദീപക് റാത്തി എന്നയാള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭല്‍ മസ്ജിദിന് സമീപം സര്‍വേ സമയത്ത് എത്തിയപ്പോള്‍ മുസ്‌ലിംകള്‍ ആക്രമിച്ചു എന്നാണ് ആരോപണം.
സംഘര്‍ഷം അന്വേഷിക്കുന്ന ലോക്കല്‍ പോലിസിന്റെ പ്രത്യേക അന്വേഷണ സംഘമാണ്, വന്‍ പോലിസ് സന്നാഹത്തോടെ വന്ന് സഫര്‍ അലിയെ കസ്റ്റഡിയില്‍ എടുത്തത്. നവംബറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സഫര്‍ അലിയെ അറസ്റ്റ് ചെയ്തതെന്ന് എസ്പി പറഞ്ഞു. പക്ഷേ, വിഷയത്തില്‍ കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സഫര്‍ അലിയുടെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തുവെന്നാണ് രാവിലെ കോട്‌വാലി പോലിസ് സ്‌റ്റേഷനില ചാര്‍ജുള്ള അനുജ് കുമാര്‍ തോമര്‍ രാവിലെ പറഞ്ഞത്.
നാളെ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കാനിരിക്കെയാണ് പോലിസ് അതിക്രമമെന്ന് സഫര്‍ അലിയുടെ മൂത്ത സഹോദരന്‍ താഹിര്‍ അലി പറഞ്ഞു. ''രാവിലെ 11:15 ഓടെ ഒരു ഇന്‍സ്‌പെക്ടറും അന്വേഷണ ഉദ്യോഗസ്ഥനും ഞങ്ങളുടെ വീട്ടിലെത്തി. സര്‍ക്കിള്‍ ഓഫീസര്‍ കുല്‍ദീപ് സിംഗ് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇന്നലെ രാത്രിയും അദ്ദേഹം ഞങ്ങളോട് സംസാരിച്ചിരുന്നു. സഫര്‍ നാളെ കമ്മീഷനു മുന്നില്‍ മൊഴി നല്‍കേണ്ടതായിരുന്നു. അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മനഃപൂര്‍വ്വം ജയിലിലേക്ക് അയയ്ക്കുന്നത്.''-താഹിര്‍ അലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''സംഘര്‍ഷമുണ്ടായപ്പോള്‍ തന്നെ സഫര്‍ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അദ്ദേഹം അത് പിന്‍വലിക്കില്ല. പോലിസ് മുസ്‌ലിംകളെ വെടിവച്ചു കൊല്ലുകയായിരുന്നു എന്ന് അദ്ദേഹം അന്നുതന്നെ വ്യക്തമാക്കിയിരുന്നു.''-താഹിര്‍ അലി പറഞ്ഞു.
പോലിസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് സഫര്‍ അലി എന്താണ് പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ താഹിര്‍ അലിയോട് ചോദിച്ചു. '' ഒരു പ്രശ്‌നവുമില്ല. ജയിലില്‍ പോവാന്‍ തയ്യാറാണ്. സത്യത്തില്‍ നിന്ന് പിന്‍മാറില്ല.''- എന്നാണ് പറഞ്ഞത്. കേസ് നടത്തിപ്പിന് ബാഹ്യധനസഹായം ലഭിച്ചെന്ന ആരോപണവും താഹിര്‍ അലി നിഷേധിച്ചു. ''ഒരു പൈസ പോലും ലഭിച്ചിട്ടില്ല. ഞങ്ങള്‍ ഈ കേസ് കോടതിയില്‍ പോരാടി വിജയിക്കും'' അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
സംഭലില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഭരണകൂടം മനഃപൂര്‍വ്വം ശ്രമിക്കുകയാണെന്നും താഹിര്‍ അലി പറഞ്ഞു
.''സംഘര്‍ഷം ലഘൂകരിക്കാന്‍ അധികാരികള്‍ ആഗ്രഹിക്കുന്നില്ല. സമാധാനം പുനഃസ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. പക്ഷേ ഇവിടുത്തെ എല്ലാ പോലിസ് ഉദ്യോഗസ്ഥരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടുതല്‍ ഭിന്നതകള്‍ സൃഷ്ടിക്കുകയാണ്.''- അദ്ദേഹം പറഞ്ഞു. സഫര്‍ അലിയെ കസ്റ്റഡിയില്‍ എടുത്തതില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചു. നിയമവിരുദ്ധമായാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.'' പോലിസ് ഒരു നിരപരാധിയെ തെറ്റായി അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ലായിരുന്നു. അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തി. ഇപ്പോള്‍ ചന്ദൗസിയിലേക്ക് കൊണ്ടുപോകുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഞങ്ങള്‍ ജാമ്യത്തിന് അപേക്ഷിക്കും.''-അഡ്വ.ഷക്കീല്‍ അഹമ്മദ് പറഞ്ഞു.സഫര്‍ അലിക്ക് പുറമെ, മസൂദ് ഫാറൂഖി, അഡ്വ.ഖാസിം എന്നിവരാണ് നാളെ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കാനിരുന്നത്.
സംഭല്‍ ശാഹി ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ സര്‍വേക്ക് സിവില്‍ കോടതി ഉത്തരവിട്ടതാണ് നവംബറില്‍ സംഘര്‍ഷത്തിന് കാരണമായത്. ജയ് ശ്രീറാം മുദ്രാവാക്യമൊക്കെ വിളിച്ചാണ് സര്‍വേ സംഘം മസ്ജിദില്‍ എത്തിയത്. ഇതില്‍ പ്രതിഷേധിച്ച ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തു. സ്ത്രീകള്‍ അടക്കം നൂറുകണക്കിന് മുസ്‌ലിംകള്‍ ഇപ്പോള്‍ ജയിലിലാണ്. കൂടാതെ പ്രദേശത്ത് മുസ്‌ലിംകളുടെ നിരവധി വീടുകള്‍ പൊളിക്കുകയും ചെയ്തിട്ടുണ്ട്.