സാംസങ് യുകെയില്‍ 6ജി സാങ്കേതിക വിദ്യാ ലബോറട്ടറി തുറന്നു

കമ്പനിയുടെ ഗ്ലോബല്‍ 6ജി ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായാണ് യുകെയിലെ സ്‌റ്റെയ്ന്‍സ് അപ്പോണ്‍ തേംസിലെ സാംസങ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പുതിയ ഗവേഷണ ലബോറട്ടറി സ്ഥാപിച്ചിരിക്കുന്നത്.

Update: 2022-10-15 14:28 GMT

ലണ്ടന്‍: 6ജി സാങ്കേതിക വിദ്യകളുടെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാംസങ് യുകെയില്‍ പുതിയ ലബോറട്ടറി തുടങ്ങി. കമ്പനിയുടെ ഗ്ലോബല്‍ 6ജി ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായാണ് യുകെയിലെ സ്‌റ്റെയ്ന്‍സ് അപ്പോണ്‍ തേംസിലെ സാംസങ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പുതിയ ഗവേഷണ ലബോറട്ടറി സ്ഥാപിച്ചിരിക്കുന്നത്.

കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍, ഡാറ്റ ഇന്റലിജന്‍സ്, ഓണ്‍ഡിവൈസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാവും ലാബിന്റെ പ്രവര്‍ത്തനം. ഇതോടൊപ്പം വിഷ്വല്‍ ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി, ഐഒടി, ടെലികോം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കമ്പനിയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കും.

ഹൈപ്പര്‍ കണക്റ്റിവിറ്റിയിലൂടെ 6ജി മനുഷ്യര്‍ക്ക് അടുത്ത ഘട്ടത്തിലുള്ള ആത്യന്തികമായ അനുഭവങ്ങള്‍ സമ്മാനിക്കും. ആ ആശയമാണ് ഞങ്ങളുടെ 6ജി വീക്ഷണങ്ങളുടെ അടിസ്ഥാനമെന്ന് സാംസങ് റിസര്‍ച്ച് മേധാവിയും പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ സിയുങ് പറഞ്ഞു.6ജിക്ക് വേണ്ടി തയ്യാറെടുത്തു തുടങ്ങാനുള്ള ശരിയായ സമയമാണിതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. മുമ്പ് കണ്ട തലമുറകളെ പോലെ 6ജി രൂപപ്പെടുത്തിയെടുക്കാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടി വരും. അതിനൊരുപാട് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് വിപണിയിലെ മറ്റുള്ളവരുമായുള്ള സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവര്‍ക്കും 'നെക്സ്റ്റ് ഹൈപ്പര്‍ ലെവല്‍ കണക്റ്റഡ്' അനുഭവം എത്തിക്കുകയാണ് 6ജിയിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അള്‍ട്ര വൈഡ് ബാന്‍ഡ്, അള്‍ട്രലോ ലേറ്റന്‍സി, അള്‍ട്ര ഇന്റലിജന്‍സ്, അള്‍ട്ര സ്‌പേഷ്യലൈസേഷന്‍ എന്നിവ ആയിരിക്കും 6ജിയുടെ സവിശേഷത. എക്‌സ്‌റ്റെന്റഡ് റിയാലിറ്റി, ഹൈഫിഡെലിറ്റി മൊബൈല്‍ ഹോളോഗ്രാം പോലുള്ളവ 6ജിയിലൂടെ സാധ്യമാവും. സാംസങ് റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് കമ്മ്യൂണിക്കേഷന്‍സ് റിസര്‍ച്ച് സെന്റര്‍ മേധാവി സങ്ഹ്യൂന്‍ ചോയ് പറഞ്ഞു. 2028ഓടെ 6ജിയുടെ ആദ്യ മാനദണ്ഡങ്ങള്‍ പുറത്തിറങ്ങിയേക്കുമെന്ന് അദ്ദേഹം പറയുന്നു.

2028 ഓടുകൂടി ആദ്യ 6ജി നെറ്റ്‌വര്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് 2020 ല്‍ സാംസങ് ഇലക്ട്രോണിക്‌സ് പ്രസിദ്ധീകരിച്ച ഒരു ധവളപത്രത്തില്‍ പറയുന്നത്. 2030ഓടുകൂടി വാണിജ്യാടിസ്ഥാനത്തില്‍ 6ജി സേവനം ആരംഭിച്ചേക്കുമെന്നും കമ്പനി പറയുന്നു.

Tags:    

Similar News