കൊടിയും പേരും മാറ്റിയാലും ഇസ്രായേലി കപ്പലുകളെ ആക്രമിക്കും: യെമന്‍

ഗസയിലും ലെബനാനിലും അധിനിവേശം തുടരുന്ന കാലത്തോളം ചെങ്കടലിലും ബാബ് അല്‍ മന്ദാബിലും ഏതന്‍ ഉള്‍ക്കടലിലും ഉപരോധം തുടരും.

Update: 2024-11-04 02:09 GMT

സന്അ: യെമന്റെ കടല്‍ ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൊടിയും പേരും മാറ്റിയാലും ഇസ്രായേലി കപ്പലുകളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുമെന്ന് അന്‍സാറുല്ലാ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി. വിറ്റതോ ഉടമസ്ഥാവകാശം മറ്റാരുടെയെങ്കിലും പേരിലാക്കുകയോ ചെയ്ത കപ്പലുകളെയും ആക്രമിക്കുമെന്നാണ് യഹ്‌യാ സാരി വ്യക്തമാക്കിയിരിക്കുന്നത്. ഗസയിലും ലെബനാനിലും അധിനിവേശം തുടരുന്ന കാലത്തോളം ചെങ്കടലിലും ബാബ് അല്‍ മന്ദാബിലും ഏതന്‍ ഉള്‍ക്കടലിലും ഉപരോധം തുടരും.

ഹൂത്തികള്‍ കടല്‍ ഉപരോധം തുടങ്ങിയതോടെ ഇസ്രായേലി ഷിപ്പിങ് കമ്പനികള്‍ കപ്പലുകളുടെ പേരു മാറ്റാന്‍ തുടങ്ങിയിരുന്നു. കൂടാതെ മറ്റു രാജ്യങ്ങളില്‍ കപ്പല്‍ റജിസ്റ്റര്‍ ചെയ്യാനും തുടങ്ങി. ഇതോടെ ആ രാജ്യങ്ങളുടെ കൊടിയായിരിക്കും കപ്പലില്‍ ഉണ്ടാവുക. ഇത്തരം സൂത്രങ്ങള്‍ക്കൊന്നും ഇസ്രായേലി കപ്പലുകളെ സംരക്ഷിക്കാനാവില്ലെന്നാണ് ഹൂത്തികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഗസയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് യെമന്‍ ഉചിതമായ മറുപടി നല്‍കുമെന്ന് അന്‍സാറുല്ല പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക്ക് അല്‍ ഹൂത്തി നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.




Tags:    

Similar News