കൗമാര കലാമേളയ്ക്ക് ഇന്ന് തിരശ്ശീല; കിരീടത്തിനായി കണ്ണഞ്ചിപ്പിക്കും പോരാട്ടം
കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന പാലക്കാട്, കണ്ണൂര്‍ ജില്ലകളുമാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ ശക്തമായ പോരാട്ടം നടത്തുന്നത്
കാസര്‍കോട്: ഏഷ്യയിലെ ഏറ്റലും വലിയ കൗമാര കലാമേളയെന്നറിയപ്പെടുന്ന 60ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് സപ്തഭാഷാ സംഗമ ഭൂമിയില്‍ ഇന്ന് തിരശ്ശീല വീഴുമ്പോള്‍ കിരീടനേട്ടത്തിനായി നടക്കുന്നത് കണ്ണഞ്ചിപ്പിക്കും പോരാട്ടം. ആദ്യദിനം മുന്നിലായിരുന്ന കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന പാലക്കാട്, കണ്ണൂര്‍ ജില്ലകളുമാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ ശക്തമായ പോരാട്ടം നടത്തുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കോഴിക്കോട് 905 പോയിന്റുമായി മുന്നില്‍നില്‍ക്കുകയാണ്. ഓരോ പോയിന്റുകള്‍ കുറവില്‍ പാലക്കാടും കണ്ണൂരുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നാടോടിനൃത്തം, മാര്‍ഗംകളി, ഇംഗ്ലീഷ് സ്‌കിറ്റ്, ദേശഭക്തിഗാനം തുടങ്ങിയ മല്‍സരങ്ങളാണ് ഇന്ന് അരങ്ങേറുക. അവധിദിനം കൂടിയായതിനാല്‍ ഇന്ന് കലോല്‍സവം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാവുമെന്നാണു കണക്കുകൂട്ടല്‍. കാഞ്ഞങ്ങാടിനെ സ്തംബ്ധരാക്കുന്നവിധത്തിലാണ് കാണികള്‍ വേദികളിലേക്കൊഴുകുന്നത്. ഇന്നു വൈകീട്ട് 3.30നാണു സമാപനസമ്മേളനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
പോയിന്റ് നില:
1. കോഴിക്കോട് -906
2 പാലക്കാട് -905
3 കണ്ണൂര്‍ -904
4 തൃശൂര്‍ -893
5 മലപ്പുറം -866
6 എറണാകുളം -861
7 തിരുവനന്തപുരം -853
8 കോട്ടയം -851
9 കാസര്‍കോഡ് -835
10 വയനാട് -833
11 ആലപ്പുഴ -826
12 കൊല്ലം -817
13 പത്തനംതിട്ട -735
14 ഇടുക്കി -686