വര്‍ഗീയതയും വിദ്വേഷവും; പി സി ജോര്‍ജിന്റെ തരംതാണ രാഷ്ട്രീയ തന്ത്രം വിലപ്പോവില്ലെന്ന് എസ്ഡിപിഐ
ക്രൈസ്തവരെയും ഹിന്ദുക്കളെയും മുസ്‌ലിംകളെയും ധ്രുവീകരിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോവില്ലെന്നും ജോര്‍ജിന്റെ വഞ്ചനയ്ക്കും കാപട്യത്തിനുമെതിരേ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും നവാസ് പറഞ്ഞു.
കോട്ടയം: വര്‍ഗീയതയും വിദ്വേഷവും പാടി നടന്ന് സമൂഹത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാമെന്ന തരംതാണ രാഷ്ട്രീയ തന്ത്രമാണ് പി സി ജോര്‍ജ് പയറ്റുന്നതെന്നും അത് വിലപ്പോവില്ലെന്നും എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ്. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നിയമസഭാ സീറ്റ് നേടാമെന്ന പി സി ജോര്‍ജിന്റെ മോഹം പൊലിഞ്ഞതോടെയാണ് പുതിയ അടവുനയവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി അന്യമത വിദ്വേഷവും സ്വജനപക്ഷപാതവും തരാതരം പോലെ വിളമ്പിനടക്കുകയായിരുന്നു പി സി ജോര്‍ജ്. ഇതിനിടെ നിലപാട് മാറ്റി അതുവരെ പറഞ്ഞതില്‍ ഖേദ പ്രകടനവുമായി ഇടതുവലതു മുന്നണികളുടെ പടിവാതിലില്‍ മുട്ടി. എന്നാല്‍ ജോര്‍ജിന്റെ നിലപാടില്ലായ്മയും അധാര്‍മിക രാഷ്ട്രീയവും കപടതയും വേണ്ടതു പോലെ മനസിലാക്കിയ ഇരു മുന്നണികളും അകറ്റിനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് എങ്ങിനെയെങ്കിലും എന്‍ഡിഎ പ്രവേശനം ലക്ഷ്യമിട്ട് തല്‍ക്കാലും മാറ്റിവെച്ചിരുന്ന വിദ്വേഷ പ്രചാരണം വീണ്ടും പുറത്തെടുത്തിരിക്കുന്നത്. ജോര്‍ജിനെ കൃത്യമായി മനസിലാക്കാനുള്ള രാഷ്ട്രീയ അവബോധം പൂഞ്ഞാര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. മുന്നണികളെയെല്ലാം പിന്നിലാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോര്‍ജിനെ വിജയിപ്പിച്ചത് ഈ അവബോധമായിരുന്നെങ്കില്‍ ജോര്‍ജിനെ ഇരുത്തേണ്ടിടത്ത് ഇരുത്താനും ഈ ജനതയ്ക്കറിയാം.
ഫ്രാങ്കോ വിഷയത്തില്‍ സ്ത്രീകളെ ആക്ഷേപിച്ച് സഭയ്‌ക്കൊപ്പമെന്നു കാണിച്ച പി സി അവസരത്തിനൊത്ത് ചാഞ്ഞും ചരിഞ്ഞും വ്യത്യസ്ഥ വിഭാഗങ്ങളുടെ കൂടെ നില്‍ക്കുകയും ഒപ്പം പിന്നില്‍ നിന്നു കുത്തുകയുമായിരുന്നു. 'അപ്പോള്‍ കാണുന്നവനെ അപ്പാ' എന്നു വിളിക്കുന്ന പി സി യെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പൂഞ്ഞാറിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാം. സമുദായവും വര്‍ഗീയതയും പറഞ്ഞ് ക്രൈസ്തവരെയും ഹിന്ദുക്കളെയും മുസ്‌ലിംകളെയും ധ്രുവീകരിച്ച് നേട്ടമുണ്ടാക്കാനാണ് ജോര്‍ജ് ശ്രമിക്കുന്നതെങ്കില്‍ അത് ഇവിടെ വിലപ്പോവില്ലെന്നും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും നിലനിര്‍ത്തുന്നതിന് എല്ലാ സമൂഹവും ഒറ്റക്കെട്ടായി ജോര്‍ജിന്റെ വഞ്ചനയ്ക്കും കാപട്യത്തിനുമെതിരേ പ്രതികരിക്കുമെന്നും നവാസ് പറഞ്ഞു.