പള്ളികളില്‍ ജയ് ശ്രീറാം മുഴങ്ങില്ലെന്ന ഫ്‌ളക്‌സ് പിടിച്ചെടുക്കല്‍; കേരള പോലിസ് യുപിക്ക് പഠിക്കരുത്: എസ് ഡിപിഐ

Update: 2024-01-16 07:33 GMT
പള്ളികളില്‍ ജയ് ശ്രീറാം മുഴങ്ങില്ലെന്ന ഫ്‌ളക്‌സ് പിടിച്ചെടുക്കല്‍; കേരള പോലിസ് യുപിക്ക് പഠിക്കരുത്: എസ് ഡിപിഐ

കണ്ണൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുന്ന ദിവസം പള്ളികളില്‍ ജയ് ശ്രീറാം വിളിക്കണമെന്ന ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ സ്ഥാപിച്ച പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അന്യായമായി നീക്കം ചെയ്യുന്ന പോലിസ് നടപടി പക്ഷപാതപരമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി. അഞ്ചു നൂറ്റാണ്ടോളം മുസ് ലിംകള്‍ ആരാധന നടത്തിയ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് വിചിത്ര വിധിയിലൂടെയാണ് ക്ഷേത്രം നിര്‍മിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വം തന്നെ തകര്‍ക്കപ്പെട്ട സംഭവമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. അതേ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുകയും പ്രതിഷ്ഠ നടക്കുമ്പോള്‍ എല്ലാ മുസ് ലിം പള്ളികളിലും ജയ്ശ്രീറാം മുഴക്കണമെന്ന് ഹിന്ദുത്വ നേതാവ് ഭീഷണി മുഴക്കുകയും ചെയ്തത് മാധ്യമങ്ങളിലൂടെ വലിയ വിവാദമായ സംഭവമാണ്. എന്നാല്‍, ഒരു പള്ളിയിലും ജയ് ശ്രീറാം മുഴങ്ങില്ലെന്ന എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവിയുടെ പ്രഖ്യാപനമാണ് നാടെങ്ങും ഫളക്‌സ് ബോര്‍ഡുകളിലൂടെ സ്ഥാപിച്ചത്. ആര്‍എസ്എസ് ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതാണ് പ്രഖ്യാപനമെന്നിരിക്കെ, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലിസ് പിടിച്ചെടുക്കുന്നത് തികച്ചും സംഘപരിവാരത്തിന് വേണ്ടിയുള്ള ദാസ്യവേലയാണ്. സംസ്ഥാന വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നിരിക്കെ കണ്ണൂരില്‍ മാത്രം പോലിസുകാര്‍ പിടിച്ചെടുക്കുന്നതിനു പിന്നിലെ താല്‍പ്പര്യം ദുരൂഹമാണ്. ആര്‍എസ്എസ് കാര്യാലയത്തില്‍നിന്നുള്ള നിര്‍ദേശം നടപ്പാക്കാനുള്ള കേരളാ പോലിസ് ശ്രമം പ്രതിഷേധാര്‍ഹമാണ്. കേരളാ പോലിസിനുള്ളിലെ സംഘപരിവാര സ്വാധീനമാണ് ഇത് തെളിയിക്കുന്നത്. ജനാധിപത്യ പ്രതിഷേധം പോലും അനുവദിക്കില്ലെന്ന യുപിയിലെ യോഗിയുടെ പോലിസ് നയമാണ് കേരള മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പോലിസിനുമുള്ളത്. പോലിസ് നടപടി പ്രതിഷേധാര്‍ഹവും വച്ചുപൊറുപ്പിക്കാനാവാത്തതുമാണെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

Tags:    

Similar News