ചരിത്രം കീഴാളന്റേതുകൂടിയാണെന്ന് പഠിപ്പിച്ച ചരിത്രകാരനാണ് ദലിത് ബന്ധു എന്‍ കെ ജോസ്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം: ദലിത് ബന്ധു എന്‍ കെ ജോസിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. ചരിത്രം എന്നാല്‍ രാജാക്കന്മാരുടെ പരിഷ്‌കാരങ്ങള്‍ മാത്രമല്ല പാര്‍ശ്വല്‍ക്കരിക്കപ്പെട്ട കീഴാള ജനതയുടേത് കൂടിയാണെന്ന് നിരന്തരം ഓര്‍മിപ്പിച്ച ചരിത്രകാരനായിരുന്നു ദലിത് ബന്ധു. സവര്‍ണാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ മിത്തുകളും ഇതിഹാസങ്ങളും ചരിത്രങ്ങളായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സത്യാനന്തര കാലത്ത് അദ്ദേഹത്തിന്റെ രചനകള്‍ സമൂഹത്തിന് പുതിയ ദിശാബോധം നല്‍കുന്നവയാണ്. രാജ്യത്തിന്റെ സംസ്‌കാരത്തെ രൂപകല്‍പ്പന ചെയ്ത ബൗദ്ധ-ജൈന-ദലിത് പാരമ്പര്യവും സംസ്‌കാരവും ചരിത്രവും ആസൂത്രിതമായി തമസ്‌കരിക്കപ്പെടുകയായിരുന്നെന്ന് ചരിത്രരേഖകളിലൂടെ തെളിയിക്കുകയും വേറിട്ട രചനകളിലൂടെ അവയ്ക്ക് വെളിച്ചം നല്‍കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പുരുഷായുസ്സ് മുഴുവനും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ചരിത്ര നിര്‍മിതിക്കുവേണ്ടിയായിരുന്നു അദ്ദേഹം ചെലവഴിച്ചത്. 140ല്‍പരം പുസ്തകങ്ങള്‍ സമൂഹത്തിന് ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹയാത്രികര്‍ തുടങ്ങിയവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.