രാജ്യത്തിനെതിരായ ചൈനയുടെ കടന്നുകയറ്റം: കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് എം കെ ഫൈസി
പുത്തനത്താണി: രാജ്യത്തിനെതിരായ ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. എസ്ഡിപിഐ അഞ്ചാമത് സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണത്തില്‍ രാജ്യസുരക്ഷ പോലും അപകടത്തിലാണ്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ അയല്‍ രാജ്യമായ ചൈന കൈയേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
അരുണാചല്‍ പ്രദേശില്‍ കടന്നുകയറിയ ചൈന അവിടെ വില്ല പ്രോജക്ടുകള്‍ വരെ ആരംഭിച്ചു. ഇക്കഴിഞ്ഞ ആഗസ്ത് 30ന് ഉത്തരാഖണ്ഡില്‍ കടന്നുകയറിയ ചൈന അവിടെ ഒരുപാലം നിര്‍മിക്കുകയുണ്ടായി. എന്നാല്‍, ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരോ മന്ത്രിമാരോ എംപിമാരോ രാഷ്ട്രീയ നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, അയല്‍രാജ്യങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറുമ്പോഴും അസമില്‍ ഹിന്ദു മുസ്‌ലിം സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.
രാജ്യത്തിന്റെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള അജണ്ടകളില്‍നിന്ന് സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ വഴിമാറുമ്പോള്‍ രാജ്യത്തിനുവേണ്ടിയുള്ള യഥാര്‍ഥ രാഷ്ട്രീയ ബദലാണ് എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്നത്. സംഘപരിവാരത്തിന്റെ വിദ്വേഷപ്രചാരണം വഴി സംഘര്‍ഷഭരിതമായ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചതിലൂടെ സമൂഹം ഭയചകിതരായിരിക്കുന്നു. എല്ലാവരും പരസ്പരം രക്ഷകരെ തേടുകയാണ്. ഇവിടെ രക്ഷകരായി മാറുകയാണ് എസ്ഡിപിഐയുടെ ഉത്തരവാദിത്തം.
രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെയും സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അജണ്ടയിലില്ല. സംഘപരിവാരം ഉയര്‍ത്തുന്ന ഹിന്ദുത്വ ബ്രാഹ്മണ്യ പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയും അവരുടെ ഓരം ചേര്‍ന്നുനില്‍ക്കുകയുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍. കൊവിഡ് മഹാമാരിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെടുന്നതും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും കഴിയാത്തതും അടിസ്ഥാന സൗകര്യ വികസനങ്ങളിലെ അപര്യാപ്തതയും ചര്‍ച്ച ചെയ്യുന്നില്ല.
രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നു കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. കര്‍ഷകരും ചെറുകിട കച്ചവടക്കാരുമുള്‍പ്പെടെ പ്രതിസന്ധിയിലാണ്. വിരലിലെണ്ണാവുന്നവരൊഴികെ വ്യവസായ മേഖലയില്‍നിന്നുള്ളവര്‍ രാജ്യം വിട്ടുപോയിക്കൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം ബിജെപി അജണ്ടയാക്കുമ്പോള്‍ അഖിലേഷ് യാദവ് ഏറ്റവും വലിയ പരശുരാമ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. മായാവതി ഒരു പടികൂടി മുമ്പിലേക്ക് കടന്ന് എല്ലാ നഗരത്തിലും പരശുരാമ പ്രതിമ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയില്‍ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളിയോ മനുഷ്യാവകാശ ലംഘനങ്ങളോ സ്ത്രീ പീഡനങ്ങളോ ചര്‍ച്ചയില്ല.
കേരളത്തിലും സ്ഥിതി ഇതുതന്നെയാണ്. ഏറ്റവും പുതുതായി പാലാ ബിഷപ്പ് നടത്തിയ വിദ്വേഷപ്രസംഗത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും എന്‍സിപിയും ബിഷപ്പിനെ പിന്തുണയ്ക്കുന്നത് ക്രൈസ്തവ സമൂഹത്തിനുള്ള പിന്തുണയല്ല. ക്രൈസ്തവ സഭ തന്നെ നടത്തിയ പഠനത്തില്‍ 350 സംഘപരിവാര ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായിരിക്കുന്നത്. അവിടെയൊന്നും ഇക്കൂട്ടരാരും പ്രതിഷേധിച്ചു കണ്ടില്ല. ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണ് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.
മറ്റാരുടെയും അവകാശം ഹനിക്കാതെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സന്തോഷത്തോടെ ജീവിക്കാനുതകുന്ന തുല്യനീതി പുലരുന്ന ഇന്ത്യയാണ് എസ്ഡിപിഐ സ്വപ്‌നം കാണുന്നതെന്നും എം കെ ഫൈസി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി, ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, മുസ്തഫ കൊമ്മേരി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങള്‍, സംസ്ഥാന സമിതിയംഗങ്ങള്‍ സംസാരിച്ചു. രാവിലെ 10.30 ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.