ജാതി സെൻസസ്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ തൂവൽ പക്ഷികൾ- ഡോ. മെഹബൂബ് ശരീഫ് ആവാദ്
മേപ്പാടി (വയനാട്): സാമൂഹിക നീതി ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായ ജാതി സെൻസസ് നടപ്പാക്കുന്ന വിഷയത്തിൽ കേന്ദ്ര ബിജെപി സർക്കാരും കേരളത്തിലെ ഇടതു സർക്കാരും ഒരേ തൂവൽ പക്ഷികളാണെന്ന് എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം ഡോ. മെഹബൂബ് ശരീഫ് ആവാദ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് വയനാട് ജില്ലയില്‍ നടന്ന സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്മാർക്ക് വിഭവാധികാരങ്ങളിലും വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളിലും ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ സാമൂഹിക ജനാധിപത്യം പൂർണമാകൂ. സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യ ഭൂരിപക്ഷം സർവ മേഖലയിലും പിന്നാക്കമാണ്.
ജാതി സെൻസസ് നടപ്പിലാക്കുകയാണെങ്കിൽ, വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ ജനസംഖ്യാ ഘടന, അവരുടെ സാമൂഹിക സാമ്പത്തിക നില, വിദ്യാഭ്യാസ നിലവാരം, രാഷ്ട്രീയ-അധികാര പങ്കാളിത്തം എന്നിവ മനസ്സിലാക്കാൻ സാധിക്കും.
അതിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന സാമൂഹിക നീതി ജാതി -മത-വർഗ - ഭാഷാ-ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. കെഎ അയ്യൂബ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ദേശീയ പ്രവര്‍ത്തക സമിതിയംഗം സഹീര്‍ അബ്ബാസ്, ജാഥാ വൈസ് ക്യാപ്ടന്‍ റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ ജോണ്‍സണ്‍ കണ്ടച്ചിറ, പി ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ വാര്യാട്, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീദ നൗഷാദ്, എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ടി മഅ്റൂഫ് സംസാരിച്ചു. സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.
ഞായറാഴ്ച വൈകീട്ട് 3ന് തരുവണയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ മേപ്പാടിയിലേക്ക് വരവേറ്റത്. ജാഥ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ ആനയിച്ച് പീച്ചന്‍കോട്, നാലാം മൈല്‍, അഞ്ചാം മൈല്‍, അഞ്ചുകുന്ന്, പനമരം, കണിയാമ്പറ്റ, കമ്പളക്കാട്, കല്‍പ്പറ്റ വഴി മേപ്പാടിയില്‍ സമാപിച്ചു. ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചത്.
ജനമുന്നേറ്റ യാത്രയ്ക്ക് ഐക്യദാർഢൃമർപ്പിച്ച് ഗോത്ര നേതാക്കൾ ജാഥാ ക്യാപ്ടൻ മൂവാറ്റുപുഴ അഷ്റഫ് മൗലവിയെ ഷാൾ അണിയിച്ചു. ഗോത്ര സംസ്ഥാന സെക്രട്ടറി രാജേഷ്, ചെയർപേഴ്സൻ പ്രസീത അഴീക്കോട്, സംസ്ഥാന ട്രഷറർ നിഷാന്ത്, ലേബർ പ്രോഗ്രസ്സീവ് ഫെഡറേഷൻ വയനാട് ജില്ലാ പ്രസിഡൻ്റ് ഹാരിസ് വൈത്തിരി എന്നിവരാണ് ജാഥാ ക്യാപ്ടന് സ്വീകരണം നൽകിയത്.
ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച യാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് താമരശ്ശേരി അടിവാരത്തു നിന്ന് വാഹനജാഥയായി ആരംഭിച്ച് മുതലക്കുളത്ത് സമാപിക്കും.