വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊന്ന ബാലികയുടെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
വാളയാറിലെ പിഞ്ചുകുട്ടികള്‍ക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. അതുപോലെതന്നെ മറ്റൊരു കേസായി ഇതും മാറ്റുവാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ കേരളത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പീരുമേട്: വണ്ടിപ്പെരിയാറില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ വീട് എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പിണറായി വിജയന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സുരക്ഷയുമില്ലെന്ന് ഈ സംഭവത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ ജീവനും സുരക്ഷയ്ക്കും യാതൊരു പരിഗണനയും നല്‍കാത്ത ഭരണകൂടമാണ് സംസ്ഥാനം ഭരിക്കുന്നതും എസ്ഡിപിഐ നേതാക്കള്‍ കുറ്റപ്പെടുത്തി.
വാളയാറിലെ പിഞ്ചുകുട്ടികള്‍ക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. അതുപോലെതന്നെ മറ്റൊരു കേസായി ഇതും മാറ്റുവാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ കേരളത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. മനുഷ്യമനസാക്ഷിയെ പോലും നാണിപ്പിക്കുന്ന രീതിയില്‍ മാസങ്ങളോളം നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത്തരം കേസുകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതെ ഇരിക്കണമെങ്കില്‍ ശക്തമായ ശിക്ഷ തന്നെ പ്രതികള്‍ക്ക് നല്‍കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
എസ്ഡിപിഐ ഇടുക്കി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, മണ്ഡലം പ്രസിഡന്റ് ഹക്കീം അക്ബര്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അംഗം രഹനാസ് എന്നിവരും വീട് സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.