മുനമ്പം വഖ്ഫ് ഭൂമി: രാമചന്ദ്രന്‍ കമ്മീഷന്‍ ഇടപെടല്‍ ഏകപക്ഷീയം; നിസാര്‍ കമ്മീഷന്‍ റിപോര്‍ട്ട് അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നു, എസ്ഡിപിഐ വഖ്ഫ്-മദ്‌റസ സംരക്ഷണ സമിതി (video)
കൊച്ചി: മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തുന്ന ഇടപെടല്‍ ഏകപക്ഷീയമാണെന്നും നിസാര്‍ കമ്മീഷന്‍ റിപോര്‍ട്ട് അട്ടിമറിക്കാനുള്ള നീക്കം പുതിയ കമ്മീഷനിലൂടെ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്നും എസ്ഡിപിഐ വഖ്ഫ്-മദ്‌റസ സംരക്ഷണ സമിതി ചെയര്‍മാന്‍ മാഞ്ഞാലി സുലൈമാന്‍ മൗലവി. രാമചന്ദ്രന്‍ കമ്മീഷന്‍ മുന്‍വിധിയോട് കൂടിയാണ് മുന്നോട്ടു പോകുന്നത്. മുനമ്പം ഭൂമി വഖ്ഫ് അല്ലെന്നുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന അദ്ദേഹത്തിന്റെ വാദം പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയില്ല.
മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് തെളിവ് സഹിതം കണ്ടെത്തിയ നിസാര്‍ കമ്മീഷന്‍ റിപോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടുള്ളതും ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച കേസില്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന് കാണിച്ച് സര്‍ക്കാര്‍ റിപോര്‍ട്ട് നല്‍കിയിട്ടുള്ളതുമാണ്. കേസ് ഹൈക്കോടതിയുടെയും വഖ്ഫ് െ്രെടബൂണലിന്റെയും പരിഗണനയില്‍ ഇരിക്കെ കേവലം നിര്‍ദേശം മാത്രം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ അധികാരമുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ തന്റെ അധികാരപരിധി മറികടന്ന് കൊണ്ടുള്ള അന്വേഷണങ്ങളും പ്രസ്താവനകളും നടത്തുന്നത് ദുരൂഹതയുണര്‍ത്തുന്നു.
നിസാര്‍ കമ്മീഷന്‍ റിപോര്‍ട്ട് അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ നിന്നാണ് രാമചന്ദ്രന്‍ കമ്മീഷന്റെ നിയമനം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് കൂടുതല്‍ നിയമക്കുരുക്കുകളിലേക്ക് നയിക്കാനാണ് സാധ്യത. നിയമവിരുദ്ധമായി വഖ്ഫ് ഭൂമി ക്രയവിക്രയം നടത്തിയവരില്‍ നിന്ന് നഷ്ടം ഈടാക്കി വഞ്ചിക്കപെട്ടവര്‍ക്ക് മതിയായ നഷ്ടം നല്‍കി പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് നീതി. മുനമ്പം ഉള്‍പ്പെടെയുള്ള വഖ്ഫ് ഭൂമികള്‍ സംരക്ഷിക്കാനുള്ള നിയമ നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി പി മൊയ്തീന്‍ കുഞ്ഞ്, വര്‍ക്കിങ് ചെയര്‍മാന്‍ സലിം കൗസരി,വൈസ് ചെയര്‍മാന്‍ ഷാനവാസ് തായിക്കാട്ടുകര, ഖജാഞ്ചി ജമാല്‍ മുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.