നിര്‍ഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നത്: മുവാറ്റുപുഴ അഷ്‌റഫ് മൗലവി
മലപ്പുറം: നിര്‍ഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി. എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുകയാണ്. കേരളത്തില്‍ നടക്കുന്നത് ഇടതു സര്‍ക്കാരും ആര്‍എസ്എസും തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള ഭരണമാണ്. എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന നിര്‍ഭയ രാഷ്ട്രീയ മുന്നേറ്റം മറ്റുള്ളവരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.
ത്യാഗവും സമര്‍പ്പണവും സന്നദ്ധയുമുള്ള ഒരു ജനകീയ മുന്നേറ്റത്തിന് മാത്രമേ തിരുത്തല്‍ ശക്തിയാവാന്‍ കഴിയൂ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ച് അനുവദിക്കണമെന്ന പ്രമേയം ജില്ലാ സെക്രട്ടറി ഷെരീഖാന്‍ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്‌റഫ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, റോയ് അറക്കല്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിമാരായ ജോണ്‍സണ്‍ കണ്ടഞ്ചിറ കൃഷ്ണന്‍ എരഞ്ഞിക്കല്‍ , പി.ജമീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് പി അമീറലി, മുസ്തഫ പാലേരി , ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറി മുര്‍ഷിദ് ഷമീം തുടങ്ങിയവര്‍ സംസാരിച്ചു.