സംഘപരിവാര താല്‍പര്യത്തിനനുസരിച്ച് കേരളാ പോലിസ് പെരുമാറുന്നത് അപകടകരം: തുളസീധരന്‍ പള്ളിക്കല്‍
പാലക്കാട്: രാജ്യത്തെ സംഘപരിവാര താല്‍പര്യത്തിനനുസരിച്ച് കേരളാ പോലിസ് പെരുമാറുന്നത് അപകടകരമാണെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. കേരളത്തെ വിഷലിപ്തമാക്കുന്ന സംഘപരിവാര്‍ പ്രചാരണത്തിനെതിരേ എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് സ്‌റ്റേഡിയം പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ അഭ്യന്തര വകുപ്പ് വിവേചനപരമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്നതിനും ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനും സംഘപരിവാരം ശ്രമിക്കുമ്പോള്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ആര്‍ജ്ജവമില്ല. ആത്മാഭിമാനമുള്ള അഭ്യന്തര വകുപ്പാണങ്കില്‍ പ്രതീഷ് വിശ്വനാഥിനെ പോലുള്ള സംഘപരിവാര ക്രിമനലുകള്‍ പുറംലോകം കാണില്ലായിരുന്നു. സംഘപരിവാര താല്‍പര്യത്തിനനുസരിച്ച് പൊതുബോധം മാറ്റിയെടുക്കാനാണ് കേരളാ പോലിസും മുഖ്യമന്ത്രിയും ശ്രമിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ ഇതനുവദിക്കാനാവില്ലെന്നും തുളസീധരന്‍ പള്ളിക്കല്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് പട്ടാമ്പി, പാലക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.