കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനമുന്നേറ്റ യാത്രയുമായി എസ് ഡിപി ഐ
ഫെബ്രുവരി 14ന് തുടങ്ങി മാര്‍ച്ച് ഒന്നിന് സമാപിക്കും
കോഴിക്കോട്: 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ 2024 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 01 വരെ ജനമുന്നേറ്റ യാത് നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന യാത്ര കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് നടത്തുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവര്‍ യാത്രയുടെ വൈസ് ക്യാപ്റ്റന്മാരായിരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യാത്ര പര്യടനം നടത്തും. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ബിജെപിയുടെ തുടര്‍ച്ചയായ ഭരണത്തില്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും താറുമാറായിരിക്കുന്നു. ഒരു വശത്ത് ശതകോടീശ്വരന്മാരായ ചങ്ങാത്ത മുതലാളിമാരുടെ ആസ്തി വര്‍ധിക്കുമ്പോള്‍ മറുവശത്ത് രാജ്യത്തെ നാലിലൊന്നിലധികം ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുപോയിരിക്കുന്നു. തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, പാചക വാതകമുള്‍പ്പെടെയുള്ള ഇന്ധന വിലവര്‍ധന തുടങ്ങിയവ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ജനക്ഷേമകരമായ വാഗ്ദാനങ്ങളെല്ലാം ഫയലില്‍ ഉറങ്ങുമ്പോള്‍ വംശീയവും വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതുമായ വാഗ്ദാനങ്ങളില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതിന് മൂന്നു നിയമങ്ങള്‍ ചുട്ടെടുക്കുകയും അതിനെതിരായ പ്രതിഷേധത്തില്‍ 710 ലധികം കര്‍ഷകര്‍ രക്തസാക്ഷികളാവുകയും ചെയ്തു. കര്‍ഷക പ്രക്ഷോഭത്തില്‍ മുട്ടുകുത്തിയ ബിജെപി സര്‍ക്കാര്‍ അവരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാവാത്തതിനാല്‍ വീണ്ടും പ്രക്ഷോഭത്തിന് കളമൊരുങ്ങുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഹാഥ്‌റാസ്, ഉന്നാവ, കത് വ, മണിപ്പൂര്‍, ഗുജറാത്ത് ഉള്‍പ്പെടെ നടന്ന അതിഭീകര സംഭവങ്ങള്‍ നാം ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്.
മതേതരത്വം എന്ന ഭരണഘടനാ തത്വം ലംഘിച്ച് രാഷ്ട്രസംവിധാനങ്ങള്‍ മതവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന പൗരത്വ നിയമം, ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവും ഇല്ലാതാക്കുന്ന ഏകീകൃത സിവില്‍ നിയമം ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും പൗരഭൂരിപക്ഷത്തിനും അധികാരത്തിലോ വിഭവങ്ങളുടെ വിതരണത്തിലോ ഉദ്യോഗവിദ്യാഭ്യാസ രംഗങ്ങളിലോ അര്‍ഹമായ പ്രാതിനിധ്യം ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച് കൃത്യമായ വിവരശേഖരണത്തിന് ഉതകുന്ന ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍, നീതിന്യായ സംവിധാനം എന്നിവയെ പോലും വരുതിയിലാക്കാനാണ് ഫാഷിസം ശ്രമിക്കുന്നത്. രാഷ്ട്രത്തിനു മേല്‍ മതം സ്ഥാപിക്കാനുള്ള ശ്രമം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയിരിക്കുന്നു. ബിജെപി ഭരണത്തില്‍ ഫെഡറലിസം വലിയ വെല്ലുവിളി നേരിടുകയാണ്. ബിജെപി നോമിനികളെ ഗവര്‍ണര്‍മാരായി നിയോഗിച്ച് ബിജെപിയിതര സര്‍ക്കാരുകളെ നിയന്ത്രിക്കാനും വരുതിയിലാക്കാനും ശ്രമിക്കുകയാണ്. രാഷ്ട്ര ഗാത്രത്തെ ഭീതിപ്പെടുത്തുന്ന സാമൂഹികരാഷ്ട്രീയ സാഹചര്യത്തില്‍ ആസന്നമായ തിരഞ്ഞെടുപ്പില്‍ ഫാഷിസത്തെ പരാജയപ്പെടുത്തുന്നതിന് രാജ്യഭൂരിപക്ഷം ആഗ്രഹിക്കുമ്പോള്‍ അതിന് രാഷ്ട്രീയ നേതൃത്വം കൊടുക്കാന്‍ കെല്‍പ്പുള്ള ഐക്യപ്പെടലുകള്‍ ഉണ്ടാവുന്നില്ല. ഏറെ പ്രതീക്ഷ നല്‍കി കടന്നുവന്ന കൂട്ടായ്മകളെല്ലാം സ്വാര്‍ഥമോഹങ്ങള്‍ക്കു മുമ്പില്‍ ശിഥിലമാവുകയാണ്. ഞങ്ങള്‍ ഫാഷിസത്തെ പ്രതിരോധിക്കുകയാണ് എന്നു പറയുന്നവരുടെ ആത്മാര്‍ഥത പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും പി അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സംബന്ധിച്ചു.